ബ്രിട്ടനിലെ വിദേശ ലൈംഗിക കുറ്റവാളികളിൽ ഒന്നാമത് ഇന്ത്യക്കാർ
Thursday, August 28, 2025 3:53 AM IST
ലണ്ടൻ: ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വിദേശികളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്. നിയമമന്ത്രാലയം പുറത്തുവിട്ട 2021 മുതലുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2021ൽ 28 ഇന്ത്യക്കാരാണു ശിക്ഷിക്കപ്പെട്ടത്. 2024 ആയപ്പോൾ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 100 ആയി; 257 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഇന്ത്യക്കു പിന്നിൽ നൈജീരിയ, ഇറാക്കി പൗരന്മാരാണ്.
ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വിദേശികളിൽ ഇന്ത്യക്കാർക്ക് മൂന്നാം സ്ഥാനമുണ്ട്. 021ൽ ഇന്ത്യക്കാർക്കെതിരേ 273 കേസുകളാണുണ്ടായിരുന്നത്. 2024ൽ 588 ആയി.
അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണം 15 ശതമാനം മാത്രമേയുള്ളൂ. നിയമപരമായുള്ള കുടിയേറ്റം, പൗരത്വം സ്വന്തമാക്കൽ, വർക്ക് പെർമിറ്റ് സ്വന്തമാക്കൽ എന്നീ കാര്യങ്ങളിൽ ഇന്ത്യക്കാരാണ് ഒന്നാമത്.