സ്കൂളിൽ മൊബൈൽ നിരോധിക്കാൻ നിയമവുമായി ദക്ഷിണകൊറിയ
Thursday, August 28, 2025 3:53 AM IST
സീയൂൾ: അധ്യയന സമയത്ത് മൊബൈൽ ഫോൺ അടക്കമുള്ള സ്മാർട്ട് ഉപകരണങ്ങൾ സ്കൂളിൽ നിരോധിക്കുന്ന നിയമം ദക്ഷിണകൊറിയൻ പാർലമെന്റ് പാസാക്കി. അടുത്ത അധ്യയനവർഷം പ്രാബല്യത്തിൽ വരും.
മൊബൈൽ ഫോൺ അഡിക്ഷനു പരിഹാരമായി കൊണ്ടുവന്ന നിയമത്തിനു ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒരേപോലെ പിന്തുണ നല്കി. മൊബൈൽ ഉപയോഗം മൂലം വിദ്യാർഥികളുടെ അക്കാദമിക നിലവാരം താഴുകയും പഠനസമയം ചുരുങ്ങുകയും ചെയ്യുന്നതായി എംപിമാർ ചൂണ്ടിക്കാട്ടി.
അതേസമയം, ദക്ഷിണകൊറിയയിലെ ഭൂരിഭാഗം സ്കൂളുകളിലും ഫോൺ ഉപയോഗത്തിനു പലവിധ നിയന്ത്രണങ്ങൾ നിലവിലുള്ളതാണ്. നിരോധനം ഉറപ്പുവരുത്താനായി പാർലമെന്റിൽ നിയമം പാസാക്കുന്നത് അപൂർവ സംഭവമാണ്.
ഫിൻലൻഡ്, ഫ്രാൻസ് രാജ്യങ്ങളിൽ താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. ഇറ്റലി, ചൈന, തെതർലൻഡ്സ് രാജ്യങ്ങളിൽ എല്ലാ ക്ലാസുകളിലും ഫോൺ നിരോധനമുണ്ട്.