അധികതീരുവ: ഇന്ത്യക്ക് കൊടുക്കേണ്ടിവന്നത് ‘മോഹ’വില
Saturday, August 30, 2025 2:53 AM IST
വാഷിംഗ്ടണ്‍: ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇന്ത്യയോടുള്ള നീരസത്തിനു കാരണമായതെന്നും ഇന്ത്യക്കെതിരേ തീരുവ വര്‍ധന നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട്.
അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപബാങ്കും സാമ്പത്തികസേവന സ്ഥാപനവുമായ ജെഫെറീസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയുടെ നടപടിമൂലം ട്രംപിന്റെ നൊബേല്‍ സമ്മാനമെന്ന സ്വപ്നത്തിനു മങ്ങലേല്ക്കാന് കാരണമായതാണ് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രധാന കാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മേയ് മാസത്തിലുണ്ടായ ഇന്ത്യ-പാക് സൈനികസംഘര്‍ഷത്തില്‍ ഇടപെടാന്‍ ട്രംപ് ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന ശത്രുതാ നിലപാട് അവസാനിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ അനുവദിക്കാത്തതില്‍ യുഎസ് പ്രസിഡന്റിനുണ്ടായ വ്യക്തിപരമായ നീരസത്തിന്റെ അനന്തരഫലമാണ് ഇന്ത്യക്കുമേല്‍ ചുമത്തിയ അധികതീരുവയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കുമേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവനടപടി കീഴ്വഴക്കമില്ലാത്തതും യുഎസിന്റെ പങ്കാളിത്ത രാഷ്ട്രങ്ങളുടെ മേല്‍ ചുമത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്പ്പെടുന്നതുമാണെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
കാഷ്മീര്‍ ഉള്‍പ്പെടെ പാക്കിസ്ഥാനുമായി ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കങ്ങളില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനുമായി ഉണ്ടാകാനിരുന്ന ആണവയുദ്ധം തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നു ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയെത്തുടര്‍ന്നാണ് ഇന്ത്യ വെടിനിര്‍ത്തലിലേക്കു കടന്നതെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടും തന്റെ ഇടപെടലിലാണു ഇന്ത്യ-പാക് സൈനികസംഘര്‍ഷം അവസാനിച്ചതെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ഇന്ത്യയും യുഎസും തമ്മിലുള്ള മറ്റൊരു തര്‍ക്കവിഷയം കൃഷിയാണെന്നും ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ഉണ്ടാകാനിടയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള സര്‍ക്കാര്‍ ഉള്‍പ്പെടെ ഒരു ഇന്ത്യന്‍ സര്‍ക്കാരും കാര്‍ഷികമേഖലയെ ഇറക്കുമതിക്കായി തുറന്നുകൊടുക്കാന്‍ തയാറല്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.