ഏഴുവർഷത്തിനുശേഷം മോദി ചൈനയിൽ
Sunday, August 31, 2025 1:37 AM IST
ബെയ്ജിംഗ്: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രഖ്യാപിച്ച തീരുവ യുദ്ധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച. ഷാങ്ഹായ് സഹകരണ ഓര്ഗനൈസേഷന് (എസ് സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ഏഴു വര്‍ഷത്തിനുശേഷം ആദ്യമായി മോദി ചൈനയിൽ കാലുകുത്തിയത്.
യുഎസിന്റെ തീരുവഭീഷണിക്കിടെ ഇന്ത്യയും ചൈനയും റഷ്യയും ഒന്നിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ഷാങ്ഹായ് ഉച്ചകോടി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. ഇന്നും നാളെയുമാണ് ഉച്ചകോടി.
ഇന്ത്യ-ചൈന സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. കിഴക്കൻ ലഡാക്ക് സംഘർഷത്തെത്തുടർന്ന് തകരാറിലായ അതിർത്തിപ്രശ്നം പരിഹരിക്കുന്നതും ചർച്ചയിൽ ഉയർന്നുവരും. ചൈനീസ് പ്രസിഡന്റിൽനിന്ന് നേരിട്ടു ക്ഷണം ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഉച്ചകോടിക്കെത്തുന്നത്.
ഉച്ചകോടിയുടെ ഭാഗമായി ഏതാനും ഉഭയകക്ഷി കൂടിക്കാഴ്ചകളും ഉണ്ടാകും. കൂടിക്കാഴ്ചകള്‍ അന്തിമമായി തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മോദിയുടെ ചൈനീസ് സന്ദർശനത്തെക്കുറിച്ച് പറഞ്ഞത്.
ഇന്നലെ ടിയാൻജിനിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ചൈനീസ് ജനത ഒരുക്കിയിരുന്നത്. ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ നര്‍ത്തകര്‍ മോദിയെ വരവേറ്റു. നഗരത്തിലെ ഇന്ത്യൻ സമൂഹം ദേശീയപതാകകളും കൈകളിലേന്തിയാണ് മോദിയെ വരവേറ്റത്. കുട്ടികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു.