യുക്രെയ്നിൽ മുൻ സ്പീക്കർ കൊല്ലപ്പെട്ടു
Sunday, August 31, 2025 1:37 AM IST
കീവ്: യുക്രെയ്നിലെ മുൻ പാർലമെന്റ് സ്പീക്കറും പ്രമുഖ രാഷ്ട്രീയ നേതാവുമായ ആന്ദ്രിയ് പറുബിയ് (54) വെടിയേറ്റു മരിച്ചു. പ്രസിഡന്റ് സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
പടിഞ്ഞാറൻ യുക്രെയ്നിലെ ലുവീവ് നഗരത്തിൽവച്ച് ഇദ്ദേഹത്തിനു വെടിയേറ്റുവെന്നാണ് റിപ്പോർട്ട്. റഷ്യൻ സേനയുടെ ആക്രമണം കാര്യമായി ബാധിക്കാത്ത സ്ഥലമാണിത്.
സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. കുറ്റവാളിയെ ഉടൻ പിടികൂടാൻ നിർദേശം നല്കിയെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
സോവിയറ്റ് യൂണിയനിൽനിന്ന് യുക്രെയ്ന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചിരുന്ന ആന്ദ്രിയ് പറുബിയ് 2016 മുതൽ 2019 വരെയാണ് സ്പീക്കർ പദവി വഹിച്ചത്.
2013-14 കാലഘട്ടത്തിൽ അന്നത്തെ റഷ്യാ അനുകൂല യുക്രെയ്ൻ സർക്കാരിനെതിരേ നടന്ന യൂറോമൈദാൻ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായിരുന്നു. ഈ പ്രക്ഷോഭത്തെത്തുടർന്ന് അന്നത്തെ പ്രസിഡന്റ് യാനുക്കോവിച്ച് രാജ്യത്തുനിന്ന് പലായനം ചെയ്യുകയും റഷ്യൻ സേന യുക്രെയ്നിലെ ക്രിമിയൻ പ്രദേശം പിടിച്ചെടുക്കുകയുമുണ്ടായി.