തീരുവയിൽ തിരിച്ചടി; ട്രംപിനെതിരേ ജനരോഷം
Sunday, August 31, 2025 1:37 AM IST
വാഷിംഗ്ടൺ ഡിസി: ചിരസുഹൃത്തുക്കളായ രാജ്യങ്ങൾക്കെതിരേ പോലും അമിത തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം തിരിച്ചടിക്കുന്നതായി റിപ്പോർട്ട്.
അധിക തീരുവ ചുമത്തിയതോടെ വിദേശരാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞ സാഹചര്യത്തിൽ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില ഉയരുകയാണെന്നും ഇതു ട്രംപിനെതിരേയുള്ള ജനരോഷം വർധിക്കാൻ ഇടയാക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ഇപ്പോൾ ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം വർധിച്ചിട്ടുണ്ടെന്നും ഈ വർഷം അവസാനത്തോടെ 3.4 ശതമാനമാകുമെന്നും ഇത് കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9% കവിയുമെന്നും പ്രവചിക്കപ്പെടുന്നു.
ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വലിയ വില നൽകേണ്ടിവരുന്ന വിഭാഗങ്ങളിലൊന്നു യുഎസിലെ ഉപഭോക്താക്കളായിരിക്കുമെന്നാണ് വിലയിരുത്തൽ. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സകലതിനും കൂടുതൽ വില നൽകേണ്ടിവരും. ഇപ്പോൾത്തന്നെ വിലയിൽ ഗണ്യമായ വർധന വന്നുകഴിഞ്ഞു.
പാദരക്ഷകൾക്കും മറ്റും തീരുവ വർധന 40 ശതമാനമാണ്. 20 ശതമാനം കൂടി വർധിച്ചേക്കാം. വസ്ത്രങ്ങൾക്കു 38 ശതമാനമാണു വില വർധിച്ചത്. 15% വർധന കൂടി പ്രതീക്ഷിക്കാം. ശരാശരി വരുമാനമുള്ള കുടുംബത്തിന് 2400 ഡോളറിന്റെ വരെ അധികച്ചെലവാണു പ്രതിമാസമുണ്ടാകുന്നതത്രെ.
പക്ഷിപ്പനി മൂലം രാജ്യത്തെ കോഴിഫാമുകൾ അടച്ചുപൂട്ടിയതോടെ 2024 അവസാനം ആരംഭിച്ച മുട്ടയുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്. അതിനാൽത്തന്നെ കാനഡ, ചൈന, തുർക്കി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുമെന്നും അമേരിക്കൻ കുടുംബങ്ങൾക്ക് താങ്ങാനാകുന്ന വില പുനഃസ്ഥാപിക്കുമെന്നും 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡോണൾഡ് ട്രംപ് ആവർത്തിച്ചു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജനുവരിയിൽ ട്രംപ് രണ്ടാംതവണ അധികാരമേറ്റതിനുശേഷം പ്രധാന ഗാർഹിക ചെലവുകൾ, പ്രത്യേകിച്ച് നിത്യോപയോഗ സാധനങ്ങൾ, വൈദ്യുതി എന്നിവയുടെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതു ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ട് വർധിപ്പിക്കുന്നു.
തൊഴിൽമേഖലയിലെ കൂട്ടപ്പിരിച്ചുവിടൽ
തൊഴിൽമേഖലകളിൽനിന്നുള്ള കൂട്ട പിരിച്ചുവിടലുകളും ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ഇക്കഴിഞ്ഞ എട്ടു മാസത്തിനിടെ ജോലി നഷ്ടമായവരുടെ എണ്ണം 8,06,000 ൽ എത്തിയിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ 75% കൂടുതലാണിതെന്നു മാത്രമല്ല കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തൊഴിൽനഷ്ടവുമാണ്. തീരുവ നയം മാത്രമല്ല, തീരുവ നയത്തിന്റെ പ്രത്യാഘാതമെന്നോണം സംഭവിച്ചേക്കാവുന്ന അവസ്ഥയെ അതിജീവിക്കുന്നതിന് തൊഴിലുടമകൾ സ്വീകരിക്കുന്ന നടപടികളും ഇതിനു കാരണമാണ്.
തിരിച്ചടി തുടങ്ങിയെന്നു കന്പനികൾ
തീരുവ നയത്തിന്റെ പ്രത്യാഘാതമായി നഷ്ടം നേരിട്ടുതുടങ്ങിയിട്ടുണ്ടെന്ന് ചില വൻകിട കന്പനികൾ പറയുന്നു. തീരുവനയം മൂലം ത്രൈമാസ വരുമാനത്തിൽ 9,570 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ജനറൽ മോട്ടോഴ്സിന്റെ വെളിപ്പെടുത്തൽ.
കമ്പനികളുടെ ലാഭത്തിൽ വലിയതോതിലുള്ള ഞെരുക്കം അനുഭവപ്പെട്ടേക്കുമെന്ന് സിറ്റിബാങ്കിന്റെ റിസർച്ച് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. അധിക തീരുവ നടപ്പിലായിക്കഴിഞ്ഞതോടെ അത് ഇനിയുള്ള നാളുകളിൽ അർബുദം പോലെ സമ്പദ്വ്യവസ്ഥയെ കാർന്നുതിന്നുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.