ഇറാനിൽ ഈ വർഷം വധശിക്ഷയ്ക്കു വിധേയരായത് 841 പേർ
Sunday, August 31, 2025 2:08 AM IST
ജനീവ: ഇറാനിൽ ഈവർഷം ഇതുവരെ 841 പേരെ വധശിക്ഷയ്ക്കു വിധേയരാക്കിയതായി യുഎൻ. കഴിഞ്ഞമാസം മാത്രം 100 പേരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നും യുഎൻ മനുഷ്യാവകാശ സംഘടന അറിയിച്ചു.
ബലൂച്, കുർദിഷ്, അറബ് തുടങ്ങിയ വംശീയ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, അഫ്ഗാൻ പൗരന്മാർ തുടങ്ങിയവരാണു വധിക്കപ്പെട്ടവരിലേറെയും. ആറു സ്ത്രീകളുൾപ്പെടെ 11 പേർ വധശിക്ഷ കാത്തു കഴിയുകയാണെന്നും സായുധ കലാപമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റമെന്നും യുഎൻ റിപ്പോർട്ടിലുണ്ട്. ഇതുകൂടാതെ, 2022ലെ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അഞ്ചുപേർക്കെതിരേ വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
എതിർപ്പുകളെ അടിച്ചമർത്തുന്നതിനുള്ള ഉപകരണമായി ഇറാനിൽ വധശിക്ഷ മാറിയിരിക്കുകയാണെന്ന് യുഎൻ മനുഷ്യാവകാശ സംഘടനയുടെ മുഖ്യവക്താവ് രവീന ഷംദാസാനി പറഞ്ഞു. വധശിക്ഷ നിർത്തലാക്കണമെന്ന ലോകമെങ്ങുംനിന്നുള്ള അഭ്യർഥന ഇറാൻ അവഗണിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.