ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
Sunday, July 13, 2025 1:01 AM IST
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്എ): രാജ്യാന്തര ലോകകപ്പ് മാതൃകയില്‍ 32 ടീമുകളെ പങ്കെടുപ്പിച്ചുള്ള പ്രഥമ ഫിഫ ക്ലബ് ലോകകപ്പിന്റെ സൂപ്പര്‍ ക്ലൈമാക്സ് ഈ രാത്രി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ജേതാക്കളായി യൂറോപ്പിന്റെ രാജാക്കന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും (പിഎസ്ജി) 2021 ഫിഫ ലോകകപ്പുയര്‍ത്തിയ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലാണ് ക്ലാസിക് ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ലോക ക്ലബ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടം. ഫാന്‍കോഡ്, DAZN, ഫിഫ+ എന്നിവിടങ്ങളില്‍ മത്സരം തത്സമയം കാണാം.
2024-25 സീസണില്‍ കന്നി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട പിഎസ്ജി, ഫ്രഞ്ച് ലീഗ് വണ്‍, ഫ്രഞ്ച് കപ്പ് കിരീടങ്ങള്‍ക്കു പിന്നാലെ ക്ലബ് ലോകകപ്പ് ട്രോഫിയും ലക്ഷ്യം വയ്ക്കുന്നു. മറുവശത്ത്, മൂന്നാം ഡിവിഷന് യൂറോപ്യന്‍ പോരാട്ടമായ യുവേഫ കോണ്‍ഫറന്‍സ് ലീഗ് ട്രോഫി മാത്രമാണ് ചെല്‍സിക്ക് 2024-25 സീസണില്‍ അവകാശപ്പെടാനുള്ളത്.
ഫൈനലിലേക്കുള്ള വഴി
ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ ക്ലബ് ബോട്ടഫോഗോയോട് 1-0നു പരാജയപ്പെട്ടതൊഴിച്ചാല്‍ പിഎസ്ജിയുടെ ജൈത്രയാത്രയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡ് (4-0), സിയാറ്റില്‍ സൗണ്ടേഴ്സ് (2-0) ടീമുകളെ തോല്‍പ്പിച്ച് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെയും (4-0), ക്വാര്‍ട്ടറില്‍ ഹാരി കെയ്ന്റെ ബയേണ്‍ മ്യൂണിക്കിനെയും (2-0) കീഴടക്കി. സെമിയില്‍ കിലിയന്‍ എംബപ്പെയുടെ റയല്‍ മാഡ്രിഡിനെതിരേയും (4-0) ആധികാരിക ജയം. ടൂര്‍ണമെന്റില്‍ 16 ഗോള്‍ അടിച്ചു, ഒരെണ്ണം വഴങ്ങി.
ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായണ് ചെല്‍സി നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്ളെമെംഗോയോട് (1-3) പരാജയപ്പെട്ടെങ്കിലും ടൂണിസ് (3-0), ലോസ് ആഞ്ചലസ് (2-0) ടീമുകളെ പരാജയപ്പെടുത്തി. പ്രീക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയെയും (4-1) ക്വാര്‍ട്ടറില്‍ പാല്മീറസിനെയും (2-1), സെമിയില്‍ ഫ്ളുമിനെന്സിനെയും (2-0) തോല്‍പ്പിച്ചു. 14 ഗോള്‍ അടിച്ചു, 5 ഗോള്‍ വഴങ്ങി.
ഡെംബെലെ x എന്‍സോ
ഫ്രഞ്ച് താരം ഉസ്മാന് ഡെംബെലെയാണ് പിഎസ്ജിയുടെ തന്ത്രജ്ഞന്‍. ചെല്‍സിയുടേത് അര്ജന്റീനക്കാരന് എന്‍സോ ഫെര്‍ണാണ്ടസും. 2025 ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തിയത് (3) എന്‍സോ ഫെര്‍ണാണ്ടസാണ്, ഒരു ഗോള്‍ നേടുകയും ചെയ്തു. ഡെംബെലെയ്ക്ക് രണ്ടു ഗോളും ഒരു അസിസ്റ്റുമുണ്ട്.
മൂന്നു ഗോള്‍ നേടിയ പെഡ്രോ നെറ്റോ, രണ്ടു ഗോള്‍ അക്കൗണ്ടിലുള്ള ജോവോ പെഡ്രോ എന്നിവരാണ് ചെല്‍സിയുടെ ഇതുവരെയുള്ള ഗോള്‍വേട്ടക്കാര്‍. പിഎസ്ജിയുടെ ഫാബിയന്‍ റൂയിസ് മൂന്നു ഗോള്‍ നേടി.
ജോവോ നെവസ്, അച്റഫ് ഹക്കിമി എന്നിവര്‍ക്ക് രണ്ട് ഗോളുണ്ട്. ഡിഫെന്‍ഡറായ ഹക്കിമിയുടെ അക്കൗണ്ടില്‍ രണ്ട് അസിസ്റ്റുമുണ്ട്. ഒരു ഗോള്‍ മാത്രം വഴങ്ങിയ ജിയാന്‍ലൂയിജി ഡോണറുമയാണ് പിഎസ്ജിയുടെ വല കാക്കുന്നത്.