കാലിക്കട്ടിന് മിന്നും ജയം
Sunday, August 31, 2025 1:40 AM IST
തോമസ് വർഗീസ്
കാര്യവട്ടം: സിക്സറുകളുടെ വേലിയേറ്റം ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ച് സൽമാൻ നിസാർ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനൊരുക്കിയത് മിന്നും ജയം. ട്രിവാൻഡ്രം റോയൽസിനെതിരേ അവസാന രണ്ട് ഓവറിലെ 12 പന്തുകളിൽ 11 ഉം വേലിക്കപ്പുറത്തേക്ക് നിലം തൊടാതെ പായിച്ച് സിക്സറുകളുടെ കുത്തൊഴുക്കിൽ സൽമാൻ കാലിക്കട്ടിന് 13 റണ്‍സിന്റെ ജയം സമ്മാനിച്ചു.
18 ഓവർ പൂർത്തിയായപ്പോൾ കാലിക്കട്ട് ആറിന് 115 എന്ന നിലയിൽ. 19-ാം ഓവറിൽ ബേസിൽ തന്പിക്കെതിരേ സൽമാൻ നേടിയത് അഞ്ചു സിക്സറുകൾ ഉൾപ്പെടെ 31 റണ്‍സ്. അവസാന ഓവറെറിഞ്ഞ അഭിജിത് പ്രവീണ്‍ വിട്ടുകൊടുത്തത് 40 റണ്‍സ്.
അവാസാന രണ്ട് ഓവറിൽ പിറന്നത് 71 റണ്‍സ്! ഈ ചരിത്രം ഇനി തിരുത്താൻ സാധ്യത കുറവ്.26 പന്തിൽനിന്നും 86 റണ്‍സ് കുറിച്ച സൽമാനാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സ്: 20 ഓവറിൽ ആറിന് 186 റണ്‍സ് ട്രിവാൻഡ്രം റോയൽസ് 19.3 ഓവറിൽ 173 റണ്‍സ്.
12 പന്തില്‍ സൽമാന്റെ തേരോട്ടം
ടോസ് നേടിയ ട്രിവാൻഡ്രം കാലിക്കട്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പ്രതീഷ് പവന്റെ (7) വിക്കറ്റ് ടി.എസ്. വിനിൽ സ്വന്തമാക്കി. കാലിക്കട്ട് സ്കോർ 24ൽ എത്തിയപ്പോൾ രോഹൻ കുന്നുമ്മലിനെ (9) ബേസിൽ തന്പി ആസിഫ് സലാമിന്റെ കൈകളിലെത്തിച്ചു. എട്ടാം ഓവറിലെ അവസാന പന്തിൽ അഖിൽ സ്കറിയ (6) ആസിഫ് സലാമിന്റെ പന്തിൽ സഞ്ജീവ് സതിരേശന്‍ ക്യാച്ച് നല്കി പുറത്തായി.
14-ാം ഓവറിലെ ആദ്യ പന്തിൽ സച്ചിൻ സുരേഷ് (8) എം. നിഖിലിന്റെ പന്തിൽ പുറത്താകുന്പോൾ കാലിക്കട്ട് നാലിന് 76. ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോഴും മറുവശത്ത് മികച്ച ബാറ്റിംഗ് നടത്തിയ എം. അജിനാസിനെ (50 പന്തിൽ 51) 17-ാം ഓവറിൽ എം. നിഖിലിന്റെ പന്തിൽ അബ്ദുൾ ബാസിത് പിടിച്ച് പുറത്താക്കുന്പോൾ കാലിക്കട്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 108. പിന്നാലെ സൽമാൻ നിസാറിന്റെ ബാറ്റിംഗ് താണ്ഡവം കാര്യവട്ടത്തെ ആവേശത്തിലാക്കി.
അവസാന രണ്ട് ഓവറിൽ 12 പന്തുകളും നേരിട്ടത് സൽമാൻ. ബേസിൽ തന്പി എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് ഡീപ് ബാക്ക് വേർഡ് പോയിന്റിലൂടെ സിക്സടിച്ച് തുടങ്ങിയ സൽമാൻ, ആ ഓവറിൽ അഞ്ചു സിക്സറുകൾ പായിച്ച് 30 റണ്‍സ് നേടി. അവസാന പന്തിൽ ഒരു റണ്‍സ്.അവസാന ഓവറിലെ ആദ്യ പന്ത് ലോംഗ് ഓഫിൽ കൂടി സിക്സ്. രണ്ടാം പന്ത് വൈഡ്, ഒരു റണ്‍. അടുത്ത പന്ത് നോബോൾ. ഈ പന്തിൽ രണ്ട് റണ്‍സ് കൂടി നേടി. 19.2-ാം പന്തിൽ ഡീപ് ബാക് വേർഡ് പോയിന്റിലൂടെ സിക്സ്. അടുത്ത പന്ത് ലോംഗ് ഓഫിലൂടെ സിക്സ്, തൊട്ടടുത്ത പന്ത് മിഡ് വിക്കറ്റിലൂടെ സിക്സ്. അവസാന രണ്ടു പന്തുകൾ ഡീപ് ബാക് വേർഡ് പോയിന്റിലൂടെ സിക്സ്.
അവസാന ഓവറിലെ സന്പാദ്യം ആറു സിക്സുകളും ഒരു ഡബിളും ഒരു നോബോളും ഒരു വൈഡും ഉൾപ്പെടെ 40 റണ്‍സ്. കെസിഎല്ലിലെ ഒരു ഓവറിലെ ഏറ്റവും മികച്ച റണ്‍വേട്ട സൽമാൻ സ്വന്തമാക്കി. 26 പന്തിൽ 12 സിക്സറുകൾ ഉൾപ്പെടെ 86 റണ്‍സാണ് സൽമാൻ സ്വന്തമാക്കിയത്. 20 ഓവർ പൂർത്തിയായപ്പോൾ കാലിക്കട്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 186 എന്ന മികച്ച നിലയിൽ.
തിളക്കമില്ലാത്ത മറുപടി
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം 19.3 ഓവറിൽ 173ന് ഓൾ ഒൗട്ടായി. സഞ്ജീവ് സതീശൻ (23 പന്തിൽ 34), റിയാ ബഷീർ (17 പന്തിൽ 25), ബേസിൽ തന്പി (9 പന്തിൽ 23) എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല.
അഖിൽ സ്കറിയ നാല് ഓവറിൽ 50 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ കാലിക്കട്ടിനുവേണ്ടി സ്വന്തമാക്കി.