ജോക്കോവിച്ച് കുതിപ്പ്
Sunday, August 31, 2025 1:33 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് 25-ാം ഗ്രാൻഡ് സലാം കിരീടത്തിനായുള്ള കുതിപ്പ് തുടരുന്നു. ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയെ 6-4, 6-7(4), 6-2, 6-3 സ്കോറിന് പരാജയപ്പെടുത്തി. ടെയ്ലർ ഫ്രിറ്റ്സ്, ജാൻ ലെന്നാർഡ് സ്ട്രഫ്, തോമസ് മച്ചാക് എന്നിവരും മൂന്നാം റൗണ്ടിൽ ജയം നേടി.
വനിത സിംഗിൾസിൽ എമ്മ നവരോയെ ആദ്യ സെറ്റ് പിന്നിൽനിന്നു തിരിച്ചടിച്ച് ബാർബോറ ക്രെസിക്കോവ പരാജയപ്പെടുത്തി. സ്കോർ: 4-6, 6-4, 6-4. പ്രിസില്ല ഹോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആൻ ലിയും പരാജയപ്പെടുത്തി.
ഇന്ത്യൻ മുന്നേറ്റം:
എട്ടാം സീഡ് ക്രിസ്റ്റ്യൻ ഹാരിസണിനെയും ഇവാൻ കിംഗിനെയും മൂന്ന് സെറ്റ് നീണ്ട പേരാട്ടത്തിൽ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായ അനിരുദ്ധ് ചന്ദ്രശേഖറും വിജയ് സുന്ദർ പ്രശാന്തും യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂർ 42 മിനിറ്റിൽ ചന്ദ്രശേഖറും പ്രശാന്തും 3-6, 6-3, 6-4 സ്കോറിന് ജയം നേടി.
അതേസമയം ഇന്ത്യയുടെ റിത്വിക് ചൗധരി ബോളിപല്ലി- എൻ. ശ്രീറാം ബാലാജി സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി.