രാജസ്ഥാൻ വിട്ട് ദ്രാവിഡ്
Sunday, August 31, 2025 1:33 AM IST
ജയ്പുർ: ക്യാപ്റ്റൻ സഞ്ജു സാംസണ് ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിൽ നാടകീയ നീക്കങ്ങൾ. പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു.
ഐപിഎൽ 2026ന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദ്രാവിഡിന് കൂടുതൽ വിപുലമായ പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചു.
‘റോയൽസിന്റെ യാത്രയിൽ രാഹുൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസിക്ക് നൽകിയ സേവനത്തിന് രാജസ്ഥാൻ റോയൽസും കളിക്കാരും ലോകമെന്പാടുമുള്ള ആരാധകരും രാഹുലിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു’, രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ പറഞ്ഞു.
രാഹുൽ രണ്ടാമത് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ സീസണിൽ ടീം മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഐപിഎൽ 2025ൽ സീസണിൽ 14 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ നാല് വിജയങ്ങൾ മാത്രമാണു നേടിയത്. 10 കളികൾ ടീം തോറ്റു. എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്തായിരുന്നു.
മൂന്നു വർഷത്തെ ഇന്ത്യൻ ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദ്രാവിഡ് രാജസ്ഥാനൊപ്പം വീണ്ടും ചേരുന്നത്. 2012, 2013 ഐപിഎൽ സീസണുകളിൽ രാജസ്ഥാനെ നയിച്ചിരുന്ന ദ്രാവിഡ് തുടർന്നുള്ള രണ്ട് സീസണുകളിൽ ടീമിന്റെ മെന്ററുടെ റോളിലെത്തിയിരുന്നു.