ഇന്ത്യക്കാരനായ ക്ഷേത്രപൂജാരിക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി നടി
Friday, July 11, 2025 1:07 AM IST
ക്വലാലംപുർ: അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ ക്ഷേത്രപൂജാരി ലൈംഗികാതിക്രമം നടത്തിയെന്നു മലേഷ്യയിലെ നടിയും മോഡലുമായ ഇന്ത്യന്‍ വംശജ ലിഷാല്ലിനി കനരന്.
മലേഷ്യയിലെ സെപാംഗിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരേയാണു താരം ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറച്ചില്‍ നടത്തിയത്.
മലേഷ്യന്‍ ടെലിവിഷന്‍ അവതാരകയും അഭിനേത്രിയും മോഡലുമായ ലിഷാല്ലിനി 2021ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവാണ്. ജൂണ്‍ 21ന് നടന്ന സംഭവമാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്നു പറഞ്ഞ് ഏതോ ദ്രാവകം തന്റെ ശരീരത്തിലേക്ക് തളിച്ചശേഷം പൂജാരി മോശമായി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ലിഷാല്ലിനിയുടെ വെളിപ്പെടുത്തല്‍.
ക്ഷേത്ര പൂജാരിയുടെ അഭാവത്തില്‍ താത്കാലികമായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാനെത്തിയ പൂജാരിക്കെതിരേയാണു നടിയുടെ ആരോപണമെന്ന് സെപാംഗ് പോലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. പൂജാരിക്കുവേണ്ടി മലേഷ്യന്‍ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.