ഇംഗ്ലണ്ടിന് എതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര
Friday, July 11, 2025 2:50 AM IST
മാഞ്ചസ്റ്റര്‍: ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്ത് ആദ്യമായി ടെസ്റ്റ് ജയിച്ച ഇന്ത്യന്‍ പുരുഷന്മാര്ക്കു പിന്നാലെ, ഇംഗ്ലീഷ് മണ്ണില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതകളും... ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കി, അതും ഒരു മത്സരം ബാക്കിനില്‍ക്കേ.
ബുധനാഴ്ച രാത്രി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് മൈതാനത്തു നടന്ന നാലാം ട്വന്റി-20യില്‍ 18 പന്ത് ബാക്കിവച്ച് ആറ് വിക്കറ്റ് ജയം നേടിയതോടെ ഇന്ത്യ 3-1ന് പരമ്പര ഉറപ്പിച്ചു. സ്കോര്‍: ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126. ഇന്ത്യന്‍ വനിതകള്‍ 17 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 97 റണ്‍സിനും രണ്ടാം മത്സരത്തില്‍ 24 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ അഞ്ച് റണ്‍സ് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സജീവമായി നിലനിര്‍ത്തിയെങ്കിലും നാലാം പോരാട്ടത്തില്‍ ജയത്തോടെ ഇന്ത്യ ചരിത്രം കുറിച്ചു. അഞ്ചാം മത്സരം നാളെ ഇന്ത്യന്‍ സമയം രാത്രി 11നു നടക്കും.
താരം രാധ യാദവ്
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സോഫിയ ഡങ്ക്ലി (19 പന്തില്‍ 22), ടാംസിന്‍ ബ്യൂമോണ്ട് (19 പന്തില്‍ 20) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍മാര്‍. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രാധ യാദവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഇന്ത്യക്കായി ശ്രീ ചരണിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി.
സ്മൃതി മന്ദാന (31 പന്തില്‍ 32), ഷെഫാലി വര്‍മ (19 പന്തില്‍ 31), ഹര്‍മന്‍പ്രീത് കൗര്‍ (25 പന്തില്‍ 26) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
കുറിക്കപ്പെട്ട റിക്കാര്‍ഡുകള്‍
ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ വനിതകളുടെ ആദ്യ ട്വന്റി-20 പരമ്പര നേട്ടമാണ്. ഇതിനു മുമ്പ് സ്വദേശത്തും ഇന്ത്യക്കു പരമ്പര നേടാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരം എന്ന മുന്‍താരം മിതാലി രാജിന്റെ (333) റിക്കാര്‍ഡിനൊപ്പം ഹര്‍മന്‍പ്രീത് കൗര്‍ എത്തി. അഞ്ചാം ട്വന്റി-20യില്‍ ഇറങ്ങുന്നതോടെ ഈ റിക്കാര്‍ഡ് ഹര്‍മന്‍പ്രീത് സ്വന്തം പേരില്‍ കുറിക്കും.
ഇന്ത്യയുടെ ദീപ്തി ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു. ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് താരമാണ് ദീപ്തി.