സുനാക്ക് വീണ്ടും ഗോൾഡ്മാൻ സാക്സിൽ
Thursday, July 10, 2025 2:00 AM IST
ലണ്ടൻ: ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഗോൾഡ്മാൻ സാക്സിലെ ജോലിക്കാരനായി. നിക്ഷേപ മേഖലയിൽ സേവനങ്ങൾ നല്കുന്ന ബാങ്കിന്റെ ഇടപാടുകാർക്ക് സുനാക് ഉപദേശം നല്കുമെന്നാണ് അറിയിപ്പ്.
ഇത് പാർട്ട് ടൈം ജോലിയാണ്. റിച്ച്മണ്ട് ആൻഡ് നോർത്തലേർട്ടൺ മണ്ഡലത്തിൽനിന്നുള്ള പാർലമെന്റ് അംഗത്വം അദ്ദേഹം രാജിവയ്ക്കില്ല. ജോലിയിൽനിന്നുള്ള വരുമാനം ഭാര്യ അക്ഷത മൂർത്തിയുമായി ചേർന്ന് ആരംഭിച്ച റിച്ച്മണ്ട് പ്രൊജക്ട്എന്ന ജീവകാരുണ്യ സംഘടനയ്ക്കു സംഭാവന നല്കും.
ഇപ്പോൾപ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് പാർട്ടിക്കാരനായ സുനാക് കഴിഞ്ഞവർഷം ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുന്പ് ഗോൾഡ്മാൻ സാക്സിൽ അനലിസ്റ്റായി ജോലി നോക്കിയിരുന്നു.