ഗുജറാത്തിൽ പാലം തകർന്ന് 10 മരണം
പ്രത്യേക ലേഖകൻ
Thursday, July 10, 2025 3:05 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് പത്തു പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ഇന്നലെ രാവിലെ തകർന്നുവീണത്.
കഴിഞ്ഞ വർഷം 212 കോടി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചാണു ദുരന്തം.
തകർന്നപ്പോൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകൾ, ഒരു ബൊലേറോ ജീപ്പ്, ഒരു പിക്കപ്പ് വാൻ എന്നിവ നദിയിലേക്ക് വീണു. ബൊലേറോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, വഡോദര മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഒന്പത് പേരുൾപ്പെടെ 12 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി വഡോദര പോലീസ് സൂപ്രണ്ട് റോഹൻ ആനന്ദ് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് 43 വർഷം പഴക്കമുള്ള പാലം 212 കോടി രൂപ മുടക്കി പുതുക്കിയത്. പാലം പുനർനിർമിച്ച് മാസങ്ങൾക്കകം തകർന്നുവീണതിൽ വൻ അഴിമതിയുണ്ടെന്ന് ഗ്രാമവാസികൾ ആരോപിച്ചു.