വോട്ടർ അധികാർ യാത്ര രാജ്യവ്യാപകമാക്കും: രാഹുൽ ഗാന്ധി
Sunday, August 31, 2025 1:49 AM IST
ആര: വോട്ട് കൊള്ളയ്ക്കെതിരേയുള്ള വോട്ടർ അധികാർ യാത്ര രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിഹാർ ഭോജ്പുരിലെ ജില്ലാ ആസ്ഥാനമായ ആരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരായ ആക്രമണമാണെന്ന് രാഹുൽ പറഞ്ഞു.
ബിജെപിയും ആർഎസ്എസും തെരഞ്ഞെടുപ്പു കമ്മീഷനും ചേർന്ന് വോട്ട് മോഷ്ടിക്കുകയാണ്.മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകൾ മോഷ്ടിക്കുന്നതിൽ എൻഡിഎ വിജയിച്ചു. എന്നാൽ, ബിഹാറിൽ ഒരു വോട്ട് പോലും മോഷ്ടിക്കാൻ ബിജെപിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും തങ്ങൾ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.
വോട്ട് ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. എന്നാൽ മോദി സർക്കാർ വോട്ടുകൾ മോഷ്ടിച്ച് തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്നതാണ് വോട്ടവകാശമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 17ന് സസ്റാമിൽനിന്ന് ആരംഭിച്ച യാത്ര നാളെ പാറ്റ്നയിൽ കൂറ്റൻ റാലിയോടെ സമാപിക്കും.