ദലൈലാമയുടെ പിറന്നാൾ: ഇന്ത്യയോട് പ്രതിഷേധമറിയിച്ച് ചൈന
Tuesday, July 8, 2025 2:19 AM IST
ബെയ്ജിംഗ്: ദലൈലാമയുടെ 90ാം പിറന്നാളിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചതിനെ വിമർശിച്ച് ചൈന.
മോദിയുടെ പ്രവൃത്തിക്കെതിരേയും ആഘോഷപരിപാടികളിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെതിരേയും ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ചൈന അറിയിച്ചു.
ടിബറ്റുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാട് വ്യക്തമാണ്, അത് ഏവർക്കും സുപരിചിതവുമാണ്. ഈ വിഷയത്തിൽ ചൈനയുടെ വികാരങ്ങൾ ഇന്ത്യ മനസിലാക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി മാവേ നിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ദലൈലാമയ്ക്ക് മോദി പിന്നാളാശംസകൾ നേർന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ടിബറ്റ് വിഷയം ഉപയോഗിക്കുന്നത് ഇന്ത്യ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ധരംശാലയിൽ നടന്ന പിറന്നാളാഘോഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിംഗ്, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ എന്നിവർ പങ്കെടുത്തിരുന്നു.