സെൻ നദിയിൽ കുളിക്കാൻ അനുമതി
Sunday, July 6, 2025 12:49 AM IST
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ സെൻ നദിയിൽ ജനങ്ങൾക്കു കുളിക്കാൻ ഒരു നൂറ്റാണ്ടിനുശേഷം അനുമതി. ശനിയാഴ്ച രാവിലെ അനുമതി ലഭിച്ചയുടൻ ഒരുസംഘം ആളുകൾ നദിയിൽ ചാടി നീന്തി.
ജലം മലിനമായ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യം ഹനിക്കാതിരിക്കാനായി 1923ൽ നദിയിൽ കുളി നിരോധിച്ചതാണ്. വീണ്ടും കുളിക്കാൻ അനുമതി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കഴിഞ്ഞ വർഷത്തെ പാരീസ് ഒളിന്പിക്സുമായി ബന്ധപ്പെട്ട് നദിയിൽ ഊർജിത ശുചീകരണ പദ്ധതികൾ നടപ്പാക്കിയിരുന്നു. ആരോഗ്യത്തിനു ഹാനികരമല്ലെന്ന് ഉറപ്പാക്കിയശേഷമാണ് വീണ്ടും കുളിക്കാൻ അനുമതി നല്കിയത്.
ഈഫൽ ടവർ, നോത്ര്ദാം കത്തീഡ്രൽ, കിഴക്കൻ പാരീസ് എന്നിവിടങ്ങളിലായി മൂന്നു കടവുകളിൽ കുളിക്കാനാണ് ഇപ്പോൾ അനുമതിയുള്ളത്. ജലത്തിന്റെ ഗുണമേന്മ നിശ്ചയിക്കാൻ ദിവസവും പരിശോധനകൾ നടത്തും.