ക്യൂബയോടുള്ള യുഎസ് നയം കടുപ്പിക്കാൻ ട്രംപ്
Tuesday, July 1, 2025 10:54 PM IST
വാഷിംഗ്ടൺ: ക്യൂബയോടുള്ള യുഎസ് നയം പുനഃപരിശോധിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
നിലവിലെ ഉപരോധങ്ങൾ പരിശോധിക്കാനും അവ കർക്കശമാക്കാനുള്ള മാർഗങ്ങൾ 30 ദിവസത്തികം നിർദേശിക്കാനുമാണ് ഉത്തരവ്. വിമതരോടുള്ള ക്യൂബയുടെ സമീപനവും നയങ്ങളും പരിശോധിക്കണമെന്നും നിർദേശത്തിലുണ്ട്.
ക്യൂബൻ സർക്കാർ, സൈന്യം, ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് അളവില്ലാതെ പ്രയോജനം ലഭിക്കുന്ന സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും പദ്ധതിയുണ്ട്. ക്യൂബയിലേക്കുള്ള ടൂറിസം തടയാനുള്ള മാർഗങ്ങളും പരിശോധിക്കപ്പെടും. അമേരിക്കൻ പൗരന്മാർ നടത്തുന്ന പഠനയാത്രകൾ മാത്രമേ അനുവദിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും ജോ ബൈഡനും അയവുവരുത്തിയ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം ക്യൂബൻ സന്ദർശകർക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും നാടുകടത്തലിനെതിരേ രാജ്യത്തെ പൗരന്മാർക്കുണ്ടായിരുന്ന സംരക്ഷണം എടുത്തുമാറ്റുകയും ചെയ്തിരുന്നു.
ക്യൂബൻ ആരോഗ്യദൗത്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു വീസ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ നിർബന്ധിത ജോലിയെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്.