ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
Wednesday, July 2, 2025 1:20 AM IST
ന്യൂഡൽഹി: ലോകത്തുള്ള ആറു പേരിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഏകാന്തതമൂലം ഏകദേശം 100 മരണങ്ങൾ ഓരോ മണിക്കൂറിലും ഉണ്ടാകുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട്.
ലോകാരോഗ്യ സംഘടനയുടെ സാമൂഹിക ബന്ധത്തിലെ കമ്മീഷൻ തയാറാക്കിയ ആഗോള റിപ്പോർട്ടിലാണ് ഏകാന്തതമൂലം പ്രതിവർഷം 8,71,000ത്തിൽകൂടുതൽ മരണങ്ങൾ ഉണ്ടാകുന്നതായി വ്യക്തമാക്കിയിട്ടുള്ളത്.
മോശം ആരോഗ്യം, കുറഞ്ഞ വരുമാനവും വിദ്യാഭ്യാസവും, ഒറ്റയ്ക്കുള്ള ജീവിതം, അപര്യാപ്തമായ സാമൂഹിക സൗകര്യം, പൊതുനയങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയാണ് ഏകാന്തതയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ഏകാന്തതയും സമൂഹത്തിൽനിന്നുള്ള ഒറ്റപ്പെടലും, മസ്തിഷ്കാഘാതവും ഹൃദ്രോഗവും പ്രമേഹവുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും വൈജ്ഞാനിക ശോഷണത്തിനും അകാലമരണത്തിനും കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളുടെ സ്വാധീനമേറുന്ന ഈ കാലത്തു കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഏകാന്തത വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 13നും 29നും വയസിനിടയിൽ പ്രായമുള്ള 17 മുതൽ 21 ശതമാനം പേർവരെ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഇതിൽ ഏറ്റവും കൂടുതൽ കൗമാരക്കാരാണെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം 24 ശതമാനം പേർ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേസമയം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 11 ശതമാനം പേരാണ് ഏകാന്തത അനുഭവിക്കുന്നത്.