കൊടുംഭീകരൻ അബുബക്കർ സിദ്ദിഖ് അറസ്റ്റിൽ
Wednesday, July 2, 2025 1:00 AM IST
ചെന്നൈ: രാജ്യത്തെ വിവിധയിടങ്ങളിലെ ബോംബ് സ്ഫോടനങ്ങൾ ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രമായ കൊടുംഭീകരൻ അബുബക്കർ സിദ്ദിഖ് പിടിയിൽ.
മുപ്പതു വർഷത്തോളമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നടന്നിരുന്ന അബുബക്കർ സിദ്ദിഖിനെയും ഉറ്റ അനുയായി മൻസൂർ എന്ന മുഹമ്മദ് അലിയെയും ആന്ധ്രപ്രദേശിലെ അണ്ണാമയ്യ ജില്ലയിൽ നിന്നാണ് തമിഴ്നാട് പോലീസിലെ ഭീകരവിരുദ്ധസ്ക്വാഡ് പിടികൂടിയത്. രണ്ട് ഭീകരരുടെയും തലയ്ക്ക് അഞ്ചുലക്ഷം രൂപ വീതം വിലയിട്ടിരുന്നു.
കാസർഗോഡ് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്ഫോടനക്കേസുകളില്‍ പ്രതിയാണ്. 1995 മുതൽ അന്വേഷണസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞിരുന്നത്. എന്‍ഐഎ ഉൾപ്പെടെ വർഷങ്ങളായി ഇയാളെ തെരയുകയായിരുന്നു.
1995ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്സല്‍ ബോംബ് സ്ഫോടനം. 1999ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ ഉൾപ്പെടെ ഏഴ് സ്ഥലത്ത് ഉണ്ടായ സ്ഫോടനപരന്പര, പിന്നാലെ ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്ഫോടനം.
2011ല്‍ എല്‍.കെ. അദ്വാനിയുടെ രഥയാത്രയ്ക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ ആക്രമണം, 2013ല്‍ ബംഗളൂരു മല്ലേശ്വരത്തെ ബിജെപി ഓഫീസിലെ സ്ഫോടനം തുടങ്ങിയവ ആസൂത്രണം ചെയ്തത് അബുബക്കർ സിദ്ദിഖ് ആയിരുന്നു.
മുഹമ്മദ് അലി തമിഴ്നാട്ടിലെ തിരുനൽവേലി സ്വദേശിയാണ്. യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെയും അറിയപ്പെടുന്ന ഇയാൾ1999ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ സ്ഫോടന പരമ്പരകളിലെ പ്രതിയാണ്. ദക്ഷിണേന്ത്യയിലെ ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ അതിനിർണായകമാണ് ഇരുവരുടെയും അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.