അമേരിക്കയുമായി കരാറിലെത്താൻ ഇന്ത്യ
Tuesday, July 1, 2025 2:51 AM IST
സീനോ സാജു
ന്യൂഡൽഹി: അമേരിക്ക മറ്റു രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച ഭീമൻ പരസ്പര തീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കേ ജൂലൈ എട്ടിനകം അമേരിക്കയുമായി കരാറിലെത്താനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
ആഗോളരാജ്യങ്ങൾക്കു മേൽ പ്രഖ്യാപിച്ച ഭീമൻ തീരുവയോടൊപ്പം ഇന്ത്യക്കുമേൽ ചുമത്തിയ 26 ശതമാനം അധികതീരുവ അമേരിക്കയുമായി ഇടക്കാല വ്യാപാരകരാറിലെത്തി ഒഴിവാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി വാണിജ്യവകുപ്പിലെ സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അമേരിക്കൻ തലസ്ഥാനത്തു തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.
ഇരുരാജ്യങ്ങളും ചർച്ചകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇടക്കാല വ്യാപാരകരാറിന്റെ പ്രഖ്യാപനം ഈ മാസം എട്ടിനകം ഉണ്ടാകുമെന്നുമാണ് സൂചന. കരാറിലെ അമേരിക്കയുടെ സമ്മർദം ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലയെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സാന്പത്തികശക്തിയായ അമേരിക്കയുമായി വളരെ വലുതും സുന്ദരവുമായ വ്യാപാര കരാറിലെത്താൻ ഇന്ത്യക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ രാജ്യത്തെ കർഷകരുടെയും കന്നുകാലി വളർത്തുകാരുടെയും താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നുമാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുള്ളത്.
കാർഷിക, ക്ഷീര മേഖലയിൽ ഇന്ത്യ ചർച്ചകളിലെ അതിർവരന്പായി ‘ചുവന്ന വര’ വരച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻ പാലിനും തീരുവ കുറയ്ക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.
എന്നാൽ ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ അത്തരം ആവശ്യങ്ങളോട് ഇന്ത്യയെങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാകുമെന്നാണ് നിർമല സീതാരാമന്റെ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
26 ശതമാനം പരസ്പര തീരുവയിലെ വിടുതലിനു പുറമേ സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്കും ടെക്സ്റ്റൈൽസ്, ലെതർ മുതലായ തൊഴിൽ കേന്ദ്രീകൃത ഉത്പന്നങ്ങൾക്കും ചില വാഹനങ്ങൾക്കുംമേൽ അമേരിക്ക ഏർപ്പെടുത്തുന്ന ഉയർന്ന തീരുവയിൽ ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അമേരിക്കയുടെ കാർഷിക, ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വ്യാപാരമേഖല തുറന്നു നൽകണമെന്ന ആവശ്യത്തിനു പുറമേ അമേരിക്കൻ നിർമിത കാറുകൾക്ക് പൂജ്യം തീരുവയും ചോളം, സോയാബീൻ തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ ഇളവും ഇടക്കാല വ്യാപാരകരാറിനായി അമേരിക്കയുടെ ആവശ്യമാണ്.
ഈ വർഷം ഒക്ടോബറോടെ അമേരിക്കയുമായി ധാരണയിലെത്തിയേക്കാവുന്ന ഉഭയകക്ഷി വ്യാപാര കരാറിലെ (ബിടിഎ) ആദ്യഘട്ടത്തിന്റെ ചെറുപതിപ്പായിരിക്കും ഇടക്കാല വ്യാപാരകരാർ.