മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
Tuesday, July 1, 2025 2:51 AM IST
ന്യൂഡൽഹി: കുറച്ചുനാളത്തെ ശാന്തതയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അക്രമത്തിന്റെ വെടിയൊച്ച. മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ വാഹനത്തിനുനേരേ അജ്ഞാതർ വെടി വച്ചതിനെത്തുടർന്നു നാലുപേർ കൊല്ലപ്പെട്ടു.
പ്രമുഖ കുക്കി തീവ്ര സായുധ സംഘടനായ കുക്കി നാഷണൽ ആർമിയുടെ (കെഎൻഎ) ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് തങ്ബോയ് ഹാവോകിപ് എന്ന തഹ്പിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആക്രമണം മണിപ്പുരിലെ വംശീയകലാപവുമായി ബന്ധപ്പെട്ടല്ലെന്നും കുക്കി തീവ്ര സായുധ സംഘടനകൾക്കിടയിലെ വിഭാഗീയത മൂലമാണെന്നുമാണ് റിപ്പോർട്ടുകൾ.
ചുരാചന്ദ്പുർ ടൗണിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള മോങ്ജാങ് ഗ്രാമത്തിനുസമീപം കാറിൽ യാത്ര ചെയ്യവേ രണ്ടുമണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ 72 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. കുക്കി സായുധ സംഘടനകളുടെ രാഷ്ട്രീയ കൂട്ടായ്മയായ കുക്കി നാഷണൽ ഓർഗനൈസേഷനു (കെഎൻഒ) കീഴിലെ 15ലധികം സായുധ സംഘടനകളിൽ പ്രധാനപ്പെട്ടതാണ് കെഎൻഎ. ഇവരുമായുള്ള ബന്ധം വഷളായ യുണൈറ്റഡ് കുക്കി നാഷണൽ ആർമിയാണ് (യുകെഎൻഎ) ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സൂചിപ്പിക്കുന്നു.
നിലവിൽ കേന്ദ്ര സർക്കാരുമായി സസ്പെൻഷൻസ് ഓഫ് ഓപറേഷൻസ് (എസ്ഒഒ) ധാരണയിലെത്തിയിരിക്കുന്ന കെഎൻഎ സംഘടനയുടെ പ്രസിഡന്റ് പി.എസ്. ഹവോകിപ്പിന്റെ മരുമകനാണ് കൊല്ലപ്പെട്ട തഹ്പി.
മണിപ്പുർ മോറയിലെ മുതിർന്ന പോലീസ് ഓഫീസറായ ചിങ്തം ആനന്ദ് സിംഗിന്റെ കൊലപാതകത്തിലും 2023 ജൂണിൽ വംശീയ കലാപം തീവ്രമായ സമയത്തു മണിപ്പുരിലെ തെങ്നൗപാൽ പോലീസ് സ്റ്റേഷനിൽനിന്ന് ആയുധങ്ങൾ കൊള്ളയടിച്ചതിലും തഹ്പി ഉൾപ്പെട്ടതിന് സൂചനകളുണ്ടെന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ മേയ്തെയ് വിഭാഗങ്ങളിൽനിന്നുള്ള 19 അംഗ പ്രതിനിധി സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മണിപ്പുരിലെ അതിർത്തി സമഗ്രത, രണ്ട് ഹൈവേ തുറന്നു നൽകുന്നത്, കലാപബാധിത പ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസം, ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന കർഷകരുടെ സുരക്ഷ എന്നിവ ചർച്ചയായി.