സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഇനിമുതൽ സംവരണം
Wednesday, July 2, 2025 1:00 AM IST
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിലെ ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏർപ്പെടുത്തി. ജൂണ്‍ 24ന് കോടതിയിലെ എല്ലാ ജീവനക്കാർക്കുമായി പുറത്തിറക്കിയ സർക്കുലറിലാണ് സംവരണം സംബന്ധിച്ച തീരുമാനം അറിയിച്ചത്.
ജൂണ്‍ 23 മുതൽ സംവരണം പ്രാബല്യത്തിൽ വന്നതായും സർക്കുലറിൽ അറിയിച്ചു. പുതിയ തീരുമാനം സുപ്രീംകോടതി ജഡ്ജിമാർക് ബാധകമല്ല. മറിച്ച് രജിസ്ട്രാർ, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂണിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് സംവരണം ബാധകമാകുക. ഇതോടെ ജീവനക്കാരെ എസ്സി, എസ്ടി, അണ്റിസർവ്ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും നിയമനങ്ങളും സ്ഥാനക്കയറ്റവും നൽകുക.
സ്ഥാനക്കയറ്റത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് 15 ശതമാനവും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനവും സംവരണം ലഭിക്കും. സംവരണം സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് നിരവധി സുപ്രധാന വിധികൾ ഉണ്ടായിട്ടുണ്ട്.
ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ നടത്തിപ്പിലും അത് പ്രതിഫലിക്കണം എന്നാണ് സംവരണം നടപ്പാക്കിയായതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്.