മോദിയുടെ വിദേശയാത്ര; ആരോപണവുമായി കോണ്ഗ്രസ്
Wednesday, July 2, 2025 1:00 AM IST
ന്യൂഡൽഹി: രാജ്യത്തെ നിർണായക ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചോടുന്നുവെന്ന് കോണ്ഗ്രസ്. ഇന്ന് ആരംഭിക്കുന്ന വിദേശ പര്യടനത്തിന് മുന്നോടിയായാണ് മോദിക്കെതിരേ കോണ്ഗ്രസ് രൂക്ഷ ആരോപണം ഉന്നയിച്ചത്.
മണിപ്പുരിൽ തുടരുന്ന പ്രതിസന്ധിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദമായ അവകാശവാദങ്ങളും തലയ്ക്കുമുകളിൽ നിൽക്കുന്പോൾ പ്രധാനമന്ത്രി വിദേശത്തേക്ക് രക്ഷപ്പെടുകയാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ ജയറാം രമേശ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ വിമർശിച്ചു. മണിപ്പുരിൽ ഇരട്ട എൻജിൻ പാളം തെറ്റിയിട്ടും സംസ്ഥാനത്തെ സാധാരണ ജീവിതം പൂർണമായി തകർന്നിട്ടും പ്രധാനമന്ത്രി അവിടെ പോയിട്ടില്ല.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യക്ക് കാര്യമായ തിരിച്ചടി നേരിട്ടെന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ, ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഇടപെട്ടെന്ന തുടർച്ചയായ അവകാശവാദങ്ങൾ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളെ 76 ദിവസം പിന്നിട്ടിട്ടും നിയമത്തിന് കീഴിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല തുടങ്ങിയ വിഷയങ്ങളാണ് കേന്ദ്ര സർക്കാരിനും മോദിക്കുമെതിരേ കോണ്ഗ്രസ് ഉന്നയിച്ചത്.