പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക്
Wednesday, July 2, 2025 1:00 AM IST
ന്യൂഡൽഹി: ഈ മാസം ആറിന് ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള വിദേശ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. പത്ത് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനമാണ് മോദി ഇന്ന് ആരംഭിക്കുന്നത്. യാത്രയിൽ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും.
ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്കാണ് ഇന്ന് യാത്രതിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവിടെ നിന്നും കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ സന്ദർശനം പൂർത്തിയാക്കി അർജന്റീനയിലേയ്ക്ക് തിരിക്കും. തുടർന്ന് 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബ്രസീലിലേക്ക് പോകും.
ബ്രിക്സ് ഉച്ചകോടി അവസാനിച്ചശേഷം ആഫ്രിക്കൻ രാജ്യമായ നബീബിയ സന്ദർശിച്ച് പര്യടനം പൂർത്തിയാക്കി ഒൻപതിന് പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തും.
30 വർഷത്തിനിടയിൽ ആദ്യമായി ഘാനയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി അവിടത്തെ പാർലമെന്റിനെഅഭിസംബോധന ചെയ്യും. 25 വർഷങ്ങൾക്ക് ശേഷമാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം.
അർജന്റീനയിൽ എത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ജാവിയർ മിലിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകളും നടത്തും.
പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഇന്ത്യ സ്വീകരിച്ച പ്രതികാര നടപടികളും ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ മോദി വ്യക്തമാക്കും. ഇതോടൊപ്പം പ്രതിരോധ മേഖലയിൽ ബ്രസീലുമായി ചില ചർച്ചകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നമീബിയയിലെ സന്ദർശനവേളയിൽ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നടപ്പാക്കുന്നതിനുള്ള കരാർ ആയിരിക്കും പ്രധാന ചർച്ച വിഷയം. ഇതോടൊപ്പം നമീബിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.