ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Wednesday, July 2, 2025 1:22 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ ഉപകരണങ്ങൾ എത്തിയതോടെ ഇന്നലെ പുനരാരംഭിച്ചു.
ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഹൈദരാബാദിൽനിന്നു വിമാനമാർഗം ഇന്നലെ രാവിലെയോടെ എത്തിച്ചതിനു ശേഷമാണ് ശസ്ത്രക്രിയകൾ പുനരാരംഭിക്കാനായത്.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണു ഹൈദരാബാദിൽനിന്ന് ഇന്നലെ എത്തിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികൾ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ശനിയാഴ്ചയാണ് ഡോ. ഹാരിസ് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്.
ഇതു വിവാദമായതോടെ വിഷയം പരിശോധിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു.അന്വേഷണ സമിതിയുടെ പരിശോധനയിലും ഉപകരണങ്ങളുടെ പോരായ്മ കണ്ടെത്തിയിരുന്നു.
ഉപകരണങ്ങൾ വാങ്ങുന്നതിന് മെഡിക്കൽ കോളജുകളിലെ സൂപ്രണ്ടുമാർക്കുള്ള അധികാരം പരിമിതമാണെന്നും ഇതു കാലോചിതമായി മാറ്റി നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും സമിതി നിർദേശിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അധ്യാപകരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ചു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നു.