നികുതി സമാഹരണം: കേരളത്തിനു നേട്ടം
Tuesday, July 1, 2025 2:51 AM IST
കൊച്ചി: നികുതി സമാഹരണത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ടാക്സ് കമ്മീഷണറേറ്റുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയ്ക്കു നേട്ടം. മുന്‍ വർഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസത്തിലെ ജിഎസ്ടി സമാഹരണത്തില്‍ 18 ശതമാനവും സെന്‍ട്രല്‍ എക്സൈസ് വരുമാനത്തില്‍ 14 ശതമാനവുമാണു വര്‍ധനയുണ്ടായത്.
ജിഎസ്ടി നിര്‍വഹണത്തിലെ മികവിനു തിരുവനന്തപുരം സോണിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബി ഐസി) മികച്ച സിജിഎസ്ടിയായി തെരഞ്ഞെടുത്തതായും സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന് കൊച്ചിയിൽ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു മാസത്തെ ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4,433 കോടിയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി 3,826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നിട്ടുണ്ട്. 2024-25 സാന്പത്തിക വര്‍ഷത്തില്‍ ആകെ ജിഎസ്ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
ജിഎസ്ടി രജിസ്ട്രേഷനായി ലഭിച്ച അപേക്ഷകളില്‍ 55 ശതമാനത്തിലും ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ചതിനാണ് സിബിഐസിയുടെ പുരസ്കാരം ലഭിച്ചത്. ജിഎസ്ടി അപ്പീലുകളുടെ എണ്ണത്തില്‍ 83 ശതമാനം പരിഹരിച്ചു. രജിസ്ട്രേഷന് അപേക്ഷകളിലുള്ള നടപടി ദേശീയതലത്തില്‍ 17 ശതമാനമാണ്.
ജിഎസ്ടി ദിനാഘോഷം ഇന്ന്
കൊച്ചി: സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് ജിഎസ്ടി ദിനം ആഘോഷിക്കും. ഒരു രാജ്യം ഒരു നികുതി എന്ന ആശയത്തിൽ രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണു പരിപാടി.
തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നടൻ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.
തിരുവനന്തപുരം സോണിനു കീഴില്‍ മികച്ച പ്രകടനം നടത്തിയ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.