“ആരോഗ്യ കേരളം വെന്റിലേറ്ററിൽ”; വിമർശനവുമായി പ്രതിപക്ഷ നേതാവ്
Tuesday, July 1, 2025 2:52 AM IST
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രശ്നം പരിഹരിക്കുന്നതിനു പകരം ന്യായീകരണങ്ങളും പിആര്‍ മനേജ്മെന്റ് പരിപാടികളുമാണു സർക്കാർ നടത്തുന്നത്. ആരോഗ്യരംഗത്തെ നശിപ്പിച്ചതിന്റെ പ്രധാന കാരണം ഇല്ലാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചുകാട്ടിയ പിആര്‍ വര്‍ക്കാണ്. അധികകാലം ജനങ്ങളെ കബളിപ്പിക്കാനാകില്ല.
ആരോഗ്യരംഗത്തെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള യുഡിഎഫ് ഹെല്‍ത്ത് കമ്മീഷനെ പ്രഖ്യാപിക്കുകയാണ്. അതിന്റെ ഭാഗമായി ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും. സർക്കാർ ആശുപത്രികളിലെ പ്രതിസന്ധികളെക്കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം പാളുകയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുക്ഷാമം അതീവ രൂക്ഷമാണ്.
കേരളത്തിലെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ആരോഗ്യരംഗത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്നു ബോധ്യമായിരിക്കുകയാണ്. സര്‍ജറി കഴിഞ്ഞാല്‍ തുന്നാനുള്ള നൂലു പോലും രോഗി വാങ്ങിക്കൊണ്ടു വരണമെന്നതാണ് അവസ്ഥ.
സ്വകാര്യ ആശുപത്രിയില്‍ വാങ്ങിക്കുന്ന വേഗത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ഇതു പറഞ്ഞു തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ആശുപത്രികള്‍ ഇന്‍ഡന്റ് നല്‍കുകയാണ് ചെയ്യുന്നത്.
അതില്‍നിന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ടെന്‍ഡര്‍ വിളിച്ച് സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല. പ്ലാന്‍ ഫണ്ട് പോലും വെട്ടിക്കുറയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.