നവജാതശിശുക്കളുടെ കൊലപാതകം: അസ്ഥികള്‍ കണ്ടെത്തി
Tuesday, July 1, 2025 2:51 AM IST
മറ്റത്തൂര്‍(കൊടകര): നവജാതശിശുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്ത അനീഷയുടെ വീട്ടില്‍ ഇന്നലെ രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. നവജാതശിശുവിന്റേതെന്നു കരുതുന്ന അസ്ഥിയുടെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെടുത്തു.
ഇരിങ്ങാലക്കുട ആര്‍ഡിഒ പി. ഷിബു, പുതുക്കാട് സിഐ എം. മഹേന്ദ്രസിംഹന്, വെള്ളിക്കുളങ്ങര സിഐ കെ. കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ പത്തരയോടെ ഫോറന്‍സിക് സംഘം നൂലുവള്ളിയിലുള്ള അനീഷയുടെ വീട്ടിലെത്തിയത്.
പ്രതി അനീഷയെ സ്ഥലത്തു കൊണ്ടുവന്നെങ്കിലും പുറത്തിറക്കാതെ പോലീസ് ജീപ്പില്‍ത്തന്നെ ഇരുത്തി. ഞായറാഴ്ച രാത്രി തെളിവെടുപ്പിനായി നൂലുവള്ളിയിലെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍, വീടിന്റെ ഇടതുവശത്തു കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പോലീസിനു കാണിച്ചുകൊടുത്തിരുന്നു. ഈ സ്ഥലം അടയാളപ്പെടുത്തിയശേഷം ഇവിടെ കാവല്‍ ഏര്‍പ്പെടുത്തിയാണു പോലീസ് മടങ്ങിയത്.
ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധര്‍ ഇവിടെ കുഴിച്ചു പരിശോധന നടത്തുകയായിരുന്നു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശോധനയിലാണു കുഞ്ഞിന്റേതെന്നു കരുതുന്ന അസ്ഥികള്‍ നുറുങ്ങിയനിലയില് കണ്ടെടുത്തത്. ഇതു ഡിഎന്‍എ പരിശോധനയ്ക്കായി കൊണ്ടുപോയി.
പോലീസ് രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് 2021 നവംബറിലാണ് അനീഷ പ്രസവിച്ച ആദ്യകുഞ്ഞിനെ ഇവിടെ കുഴിച്ചുമൂടിയത്. വീടിനു പിറകുവശത്തു കുഴിയെടുത്ത് അവിടെ മൃതദേഹം മറവുചെയ്യാനാണ് അനീഷ ആദ്യം ശ്രമിച്ചത്.
എന്നാല്‍, അയല്‍ക്കാരി ഇതു കാണാനിടയായതിനെതുടര്ന്ന് വീടിന്റെ ഇടതുവശത്തു കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു. പിന്നീട് ഈ കുഴിതുറന്ന് അസ്ഥികള്‍ എടുത്തു കാമുകനു കൈമാറിയതായും യുവതി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ഫോറന്‍സിക് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് ഇന്നലെ നിരവധിപ്പേര്‍ സ്ഥലത്തു തടിച്ചുകൂടിയിരുന്നു.