രവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഐബി സ്പെഷൽ ഡയറക്ടർ രവാഡ എ. ചന്ദ്രശേഖറിനെ നിയമിച്ചു. യുപിഎസ്സി തയാറാക്കിയ മൂന്നംഗ പട്ടികയിൽ നിന്നാണ് രണ്ടാമനായ രവാഡ ചന്ദ്രശേഖറിനെ മന്ത്രിസഭ നിയമിച്ചത്.
പോലീസ് മേധാവിയായിരുന്ന ഷെയ്ക് ദർബേഷ് സാഹിബ് ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് രവാഡയുടെ നിയമനം.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായ രവാഡ ചന്ദ്രശേഖർ റിലീവ് ചെയ്തു മടങ്ങി ഇന്നു രാവിലെ ഏഴിന് ചുമതല ഏറ്റെടുക്കും. അദ്ദേഹം ചുമതല ഏൽക്കുന്നതു വരെ ക്രമസമാധാനചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന് സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല നൽകി.
ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ ഷെയ്ക് ദർബേഷ് സാഹിബിൽ നിന്ന് എച്ച്. വെങ്കിടേഷ് താത്കാലിക ചുമതലയേറ്റെടുത്തു.
1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖർ തലശേരി എഎസ്പിയായാണ് സർവീസിൽ പ്രവേശിച്ചത്. അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നു പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
വെടിവയ്പിനു പിന്നാലെ സസ്പെൻഷനിലായ രവാഡ ചന്ദ്രശേഖറിനെ സിപിഎം പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തി ഫയൽ ചെയ്ത കേസിൽ 2012ലാണ് രവാഡയെ കോടതി കുറ്റവിമുക്തനാക്കിയത്.
യുപിഎസ്സി നൽകിയ പട്ടികയിൽ നിന്നാണ് സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ രാവിലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തെ അറിയിച്ചത്. അടുത്ത വർഷം ജൂലൈ വരെയാണ് സർവീസുള്ളത്. പോലീസ് മേധാവിക്ക് രണ്ടു വർഷം തുടരാനാകുമെന്നതിനാൽ 2027 ജൂണ്‍ 30വരെ പദവിയിൽ ഇരിക്കാം.
പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പിയായിരുന്നു. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡിഐജിയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ രാജമുന്ദ്രി സ്വദേശിയാണ് രവാഡ. ഭാര്യ: സരിത. രണ്ടു മക്കളുണ്ട്.