രവാഡ ചന്ദ്രശേഖറെ ഡിജിപിയാക്കിയതിൽ; കണ്ണൂർ സിപിഎമ്മിൽ അമർഷവും പ്രതിഷേധവും
Tuesday, July 1, 2025 2:51 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: രവാഡ ചന്ദ്രശേഖറെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ കണ്ണൂർ സിപിഎമ്മിൽ ഭിന്നാഭിപ്രായം. നേതാക്കളിലും പ്രവർത്തകരിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളിലും സർക്കാർ നിലപാടിനോടു കടുത്ത അതൃപ്തിയുണ്ട്.
എം.വി. രാഘവൻ മന്ത്രിയായിരിക്കേ കൂത്തുപറന്പിൽ നടന്ന യുവജന സമരത്തിനു നേരേയുണ്ടായ വെടിവയ്പിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെ സിപിഎം ഭരണത്തിൽ സംസ്ഥാന പോലീസ് മേധാവിയാക്കിയതാണ് അതൃപ്തിക്കു കാരണം.
മുതിർന്ന നേതാവായ പി. ജയരാജൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. രവാഡ ചന്ദ്രശേഖർ കൂത്തുപറന്പ് വെടിവയ്പ് സംഭവത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും ആരാണ് യോഗ്യനെന്നു സർക്കാർ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തീരുമാനിച്ചിട്ടുണ്ടാകുക എന്നുമായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്. നിയമന തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടതു സർക്കാരാണെന്നും ജയരാജന് പറഞ്ഞു.
1994ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും എം.വി. രാഘവൻ സഹകരണമന്ത്രിയുമായിരിക്കേ സ്വാശ്രയ കോളജ് വിഷയത്തിൽ ഡിവൈഎഫ്ഐ നടത്തിയ സമരമാണു കൂത്തുപറന്പിൽ വെടിവയ്പിൽ കലാശിച്ചത്. രവാഡ ചന്ദ്രശേഖർ തലശേരി എഎസ്പിയായി ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. വെടിവയ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിക്കുകയും നട്ടെല്ലിനു പരിക്കേറ്റ പുഷ്പൻ വർഷങ്ങളോളം കിടപ്പിലാവുകയും ചെയ്തു. പുഷ്പൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണു മരിച്ചത്.
കണ്ണൂരിലെ സിപിഎം പ്രവർത്തകർക്കു കൂത്തുപറന്പ് രക്തസാക്ഷികളോടു വൈകാരികമായ ബന്ധമാണുള്ളത്. വെടിവയ്പിനു കാരണമായ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കുന്നത് ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അതിനാൽ, സർക്കാരിനെതിരേ സൈബർ ഇടങ്ങളിലും പോരാട്ടം വ്യാപകമായിരിക്കുകയാണ്. കണ്ണൂരിലെ പാർട്ടിയിലെ പലർക്കും സർക്കാർ നിലപാടിനോടു കടുത്ത വിയോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയാറാവുന്നില്ലെന്നതാണു യാഥാർഥ്യം.
1995ൽ വെടിവയ്പ് സംഭവത്തിൽ പോലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് രവാഡ ചന്ദ്രശേർ ഉൾപ്പെടെയുള്ളവർക്കതിരേ കേസെടുത്തിരുന്നു. യുഡിഎഫ് സർക്കാരിനു ശേഷം അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ കൂത്തുപറന്പ് കേസന്വേഷിക്കാനായി പദ്മനാഭൻ കമ്മീഷനെ നിയമിച്ചു.
1997ൽ കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡിവൈഎസ്പി. അബ്ദുൾ ഹക്കീം ബത്തേരി, രവാഡ ചന്ദ്രശേഖർ എന്നിവർ കുറ്റക്കാരാണെന്നായിരുന്നു കണ്ടെത്തിയത്. പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇവരെ പ്രതികളാക്കി പുതിയ കേസ് ഫയൽ ചെയ്തെങ്കിലും സുപ്രീംകോടതി പ്രതികളുടെ ഹർജിയെത്തുടർന്ന് കേസ് അന്വേഷണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.
ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും സ്വകാര്യ അന്യായത്തിൻമേൽ കൂത്തുപറന്പ് കോടതി കുറ്റക്കാരാക്കിയിരുന്നു. എന്നാൽ കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും കൊല്ലപ്പെട്ടവരോടും പരിക്കേറ്റവരോടും മുൻകാല വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള പ്രവർത്തനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടി രവാഡ ചന്ദ്രശേഖർ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി പ്രഖ്യാപിക്കുകയായിരുന്നു.
പി. ജയരാജനെ തള്ളി; സർക്കാരിനൊപ്പമെന്ന് എം.വി. ഗോവിന്ദൻ
രവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി. ജയരാജന്റെ നിലപാടുകൾ തള്ളി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. പോലീസ് മേധാവി നിയമനത്തിൽ പാർട്ടി സർക്കാരിനൊപ്പമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കൂത്തുപറന്പ് കേസിൽ രവാഡ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് കോടതി തീരുമാനമെടുത്തത്.
വെടിവയ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്പാണ് അദ്ദേഹം ചുമതലയേറ്റത്. അദ്ദേഹത്തിന് കാര്യങ്ങളൊന്നുമറിയില്ലായിരുന്നു.
ഈ വിഷയത്തിൽ പി. ജയരാജന്റെ പ്രതികരണം സർക്കാരിനെതിരേയുള്ള വിമർശനമായി കാണുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.