എം. റോയ് വിരമിച്ചു
Tuesday, July 1, 2025 2:52 AM IST
കോട്ടയം: ദീപിക ഡെപ്യൂട്ടി എഡിറ്റർ എം. റോയ് വിരമിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 35 വർഷത്തിലധികം നീണ്ട സർവീസിൽ 23 വർഷം കണ്ണൂർ ബ്യൂറോ ചീഫായിരുന്നു. കൊച്ചി യൂണിറ്റിൽ ന്യൂസ് എഡിറ്ററായും കോട്ടയത്ത് രാഷ്ട്രദീപിക ചീഫ് കോ- ഓർഡിനേറ്ററായും പ്രവർത്തിച്ചു.
കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം മുറ്റിനിന്ന നാളുകളിൽ ദീപികയിലും രാഷ്ട്രദീപികയിലും എഴുതിയ റിപ്പോർട്ടുകളും പരന്പരകളും ശ്രദ്ധ പിടിച്ചുപറ്റി. കുടിയേറ്റജനത തിങ്ങിപ്പാർക്കുന്ന മലയോരമേഖലയുടെ പ്രത്യേകതകളും വികസനസാധ്യതകളും വിശദമാക്കി തയാറാക്കിയ ‘സാധ്യതകളുടെ മലയോരം’ എന്ന സുദീർഘ പരന്പര വേറിട്ട ഒന്നായി.
ഇന്റർനെറ്റ് യുഗത്തിനു മുൻപുള്ള കാലത്തെപ്പറ്റി സൺഡേ ദീപികയിൽ എഴുതിയ ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പുകളും വ്യത്യസ്തമായി. പരിസ്ഥിതി സംബന്ധമായ നിരവധി ലേഖനങ്ങളും പരന്പരകളും എഴുതി. ‘കാണേണ്ട കാഴ്ചകൾ’ എന്ന പംക്തി രാഷ്ട്രദീപികയിൽ വർഷങ്ങളോളം കൈകാര്യം ചെയ്തു.
വി.കെ. മാധവൻകുട്ടി അവാർഡ്, പ്രഥമ മാർത്താണ്ഡവർമ പുരസ്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ഗ്രീൻ അവാർഡ്, സംസ്ഥാന ക്ഷീരവികസന വകുപ്പ് മാധ്യമ അവാർഡ്, നാഷണൽ സേഫ്റ്റി കൗൺസിൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ റിപ്പോർട്ടിംഗിനു ലഭിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയിൽ രണ്ടുതവണ അംഗമായിരുന്നു.
മൂവാറ്റുപുഴ പെരുന്പല്ലൂർ അയ്യംകുഴയ്ക്കൽ പരേതനായ ജോൺ-റോസമ്മ ദന്പതിമാരുടെ മകനാണ്. ഭാര്യ: മിസി. മക്കൾ: അന്ന (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), അമിത് (എംബിഎ വിദ്യാർഥി, കോഴിക്കോട് എൻഐടി). മരുമകൻ: ആൽബിൻ ജോസ് (ഇൻഫ്ലുവൻസർ-വാക്ക് വിത്ത് ആൽബി-ബംഗളൂരു).