മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് രജിസ്ട്രേഷൻ നമ്പറില്ലാത്ത കാർ
Tuesday, July 1, 2025 2:51 AM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച രജിസ്ട്രേഷൻ നമ്പറില്ലാത്ത കാറും അതിലെ യാത്രക്കാരെയും പോലീസ് പിടികൂടി. വാഹനത്തിൽ സഞ്ചരിച്ച അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കാറിൽ സഞ്ചരിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ, ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും കണ്ണൂരിൽ ഒരു ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് ഇവർ പോയതെന്നും കണ്ടെത്തി. തുടര്ന്ന് സ്റ്റേഷന്ജാമ്യത്തില് വിട്ടയച്ചു.
ഞായറാഴ്ച രാത്രി 10.15 വെങ്ങാലിപ്പാലത്തിനു സമീപമാണു കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്കു വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ അവസാനം സഞ്ചരിക്കുന്ന ആംബുലൻസിനു തൊട്ടുപിന്നിലായി വാഹനവ്യൂഹത്തിന്റെ അതേ വേഗത്തിൽ സഞ്ചരിച്ച രജിസ്ട്രേഷൻ നമ്പരില്ലാത്ത കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു വഴിയൊരുക്കാൻ നിയോഗിച്ച പോലീസ് സംഘം കാർ തടയുകയായിരുന്നു.
കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കി കണ്ടെത്തി. വിഐപി വാഹനവ്യൂഹത്തിനു പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സഞ്ചരിച്ചതുകൂടി കണക്കിലെടുത്ത് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
മലപ്പുറം തിരൂർ സ്വദേശി സി.പി. നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.