ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷം; രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്
Tuesday, July 1, 2025 2:51 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറെ ബോധപൂര്‍വം തടഞ്ഞു എന്നു റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിസി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
രജിസ്ട്രാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. പരിപാടി നടത്തുന്നതിനുള്ള അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള്‍ ഇല്ല. ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചതെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്നും വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാല്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രജിസ്ട്രാറുടെ ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്.
സംഘാടകര്‍ നിബന്ധന ലംഘിച്ചു എന്ന് പിആര്‍ഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസും അറിയിച്ചു. ഇതോടെയാണ് വിഷയത്തില്‍ ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നുമാണ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.