കുപ്രസിദ്ധ ഗുണ്ടാ നേതാവ് മറയൂരിൽ പിടിയിലായി
Wednesday, July 2, 2025 1:00 AM IST
മറയൂർ: തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ചന്ദനക്കേസുമായി ബന്ധപ്പെട്ട് മറയൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നു പിടിയിലായി. മറയൂർ പട്ടിക്കാട് സ്വദേശി മഹേഷ്, തിരുവനന്തപുരം കാലടി സ്വദേശി അജിത്കുമാർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 25ന് മറയൂർ സർക്കാർ ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്സ് വളപ്പിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ മൂന്ന് കൊലപാതകക്കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണെന്ന് പോലീസ്പറഞ്ഞു. മറയൂർ പട്ടിക്കാട് സ്വദേശി മഹേഷും ഒരു കൊലപാതകക്കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പട്ടിക്കാട് സ്വദേശി മഹേഷ് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് അജിത് കുമാറിനെ അടക്കം മൂന്നു പേരെ പരിചയപ്പെട്ടത്. കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മൂന്നു പേരെയും വിളിച്ചുവരുത്തി മറയൂർ സർക്കാർ ആശുപത്രി ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സ് വളപ്പിലെ ചന്ദനമരം മുറിച്ച് കടത്തുകയായിരുന്നു.
27ന് മുറിച്ചു കടത്തിയ ചന്ദനം മൂന്നാറിൽ എത്തിച്ച് കൈമാറ്റം ചെയ്തതിനു ശേഷം മഹേഷും അജിത് കുമാറും തിരികെ പട്ടിക്കാട്ടിലെ വീട്ടിലേക്ക് പോയി. ഇവരെ ഇന്നലെ രാത്രിയോടെ മറയൂർ പോലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജു, എസ് ഐ മാഹീം സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് വീടുവളഞ്ഞു പിടികൂടുകയായിരുന്നു. മറ്റു രണ്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.