സെന്റ് തോമസ് ദിനത്തിലെ മൂല്യനിർണയ ക്യാമ്പുകൾ മാറ്റിവയ്ക്കണം: കത്തോലിക്ക കോൺഗ്രസ്
Wednesday, July 2, 2025 1:00 AM IST
കൊച്ചി: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിനു നടത്താനുള്ള നീക്കം പ്രതിഷേധാർഹമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
2025ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകളിലെ ഡ്യൂട്ടിക്ക് നിയോഗിച്ച മുഴുവൻ അധ്യാപകരും മൂന്ന്, നാല്, അഞ്ച് തീയതികളിൽ അതതു വിദ്യാലയങ്ങളിൽ എത്തിച്ചേരണമെന്നാണു ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറുടെ ഉത്തരവ്.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജൂലൈ മൂന്ന് ഭാരത അപ്പസ്തോലനായ മാർത്തോമാ ശ്ലീഹായുടെ ഓർമദിനമാണ്. അന്നേദിവസം പള്ളികളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളിൽ സംബന്ധിക്കേണ്ടതുണ്ട്. ക്രൈസ്തവ മാനേജ്മെന്റുകൾ ഈ ദിനം പ്രാദേശിക അവധി നൽകുകയും പകരം മറ്റൊരു ദിനം പ്രവൃത്തിദിനമാക്കുകയുമാണ് പതിവ്. ഇപ്രകാരം പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി നേരത്തേ ഉള്ളതാണ്.
ജൂലൈ മൂന്നിനു നടത്താനിരിക്കുന്ന ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കണം. ജൂലൈ മൂന്നിനു പൊതു അവധി പ്രഖ്യാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര നേതൃയോഗം ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, തമ്പി എരുമേലിക്കര, ഡോ. കെ. പി. സാജു, ജോമി ഡോമിനിക് എന്നിവർ പ്രസംഗിച്ചു.