കീം: മാന്നാനം കെഇ സ്കൂളിന് അഭിമാന വിജയം
Wednesday, July 2, 2025 1:00 AM IST
മാന്നാനം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷ(കീം)യിൽ മാന്നാനം കെഇ സ്കൂളിന് ചരിത്ര വിജയം. കെഇ സ്കൂൾ വിദ്യാർഥികളായ ജോൺ ഷിനോജ് ഒന്നാം റാങ്കും അക്ഷയ് ബി.എൻ. ബിജു മൂന്നാം റാങ്കും നേടി.
കേരള ഫാർമസി വിഭാഗത്തിൽ ഹൃഷികേശ് ആർ. ഷേണായി രണ്ടാം റാങ്കും ലഭിച്ചു. കേരള സിലബസ് പ്ലസ് ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റിൽ പരിശീലനം നേടിയാണ് ഇവർ ഉന്നത റാങ്കുകൾ നേടിയത്.
ജെഇഇ മെയിനിലും അഡ്വാൻസിലും കെഇ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടും നാലും റാങ്കുകൾ, ഐഐഎസ്ഇആർ പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കും 10-ാം റാങ്കും ഉൾപ്പെടെ കെഇ സ്കൂളിലെ കുട്ടികൾ ഉന്നത വിജയം നേടി.
റാങ്കു ജേതാക്കളെ കെഇ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ അഭിനന്ദിച്ചു.