രോഗി മരിച്ചു, ചികിൽസാപ്പിഴവെന്ന് ബന്ധുക്കൾ
Wednesday, July 2, 2025 1:00 AM IST
ആലുവ: നടുവേദന ചികിത്സയുടെ ഭാഗമായി നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി മരിച്ചു. ചോറ്റാനിക്കര തിരുവാങ്കുളം ഞളിയത്ത് വീട്ടില്‍ ബിജു തോമസ് (54) ആണ് മരിച്ചത്. ചികിൽസാപിഴവ് ആരോപിച്ച് ബന്ധുക്കൾ നല്കിയ പരാതിയിൽ എടത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടന്നെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അമിതമായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിജു കാറ്ററിംഗ് തൊഴിലാളിയാണ്. ഭാര്യ: സുന തമ്പി. വിദ്യാര്‍ഥികളായ അലക്സ്, അലിന് എന്നിവരാണ് മക്കള്‍.
സാധ്യമായത് ചെയ്തെന്ന്
ബിജുവിന്റെ ജീവന് രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്ന് ആലുവ രാജഗിരി ആശുപത്രി അധികൃതര്‍. രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
മരണകാരണം വ്യക്തമാകുന്നതിന് വേണ്ടി പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ തന്നെയാണ് രോഗിയുടെ ബന്ധുക്കളോടും പോലീസ് അധികാരികളോടും ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള ഏതുവിധ അന്വേഷണത്തോടും ആശുപത്രി അധികൃതര്‍ സഹകരിക്കുമെന്നുമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ അറിയിച്ചു.