മെഡിക്കൽ കോൺക്ലേവ് സംഘടിപ്പിക്കും: സണ്ണി ജോസഫ്
Wednesday, July 2, 2025 1:22 AM IST
പരിയാരം (കണ്ണൂർ): ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് മെഡിക്കൽ കമ്മീഷനെ നിയോഗിക്കുമെന്നും മെഡിക്കൽ കോൺക്ലേവ് നടത്തുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾ അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നു പോകുന്പോഴും പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രിക്കു കഴിയുന്നില്ല.
മന്ത്രി വീണാ ജോർജിന് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖല വൻ വികസനത്തിലാണെന്ന മന്ത്രിയുൾപ്പെടെയുള്ളവരുടെ വാക്കുകൾ പൊള്ളയാണെന്ന് ഓരോ ദിവസം കഴിയുന്തോറും തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.