ഡോ. ഹാരിസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
Wednesday, July 2, 2025 1:22 AM IST
കണ്ണൂർ: തിരുവനന്തപുരം മെഡിക്കൾ കോളജിലെ പ്രശ്നങ്ങൾ പുറം ലോകത്തെ അറിയിച്ച ഡോ. ഹാരിസ് ഹസനെ പേരെടുത്തു പറയാതെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന നാലു ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെയുടെ വിമർശനം.
തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന, അഴിമതി തീണ്ടാത്ത ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിച്ചതിന് കാരണമായി. ഒരതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിടുന്നത് ശരിയായ രീതിയല്ല.
ഇത്തരം നിലപാടുകൾ സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളെയെല്ലാം തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയാക്കും. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.