രവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു
Wednesday, July 2, 2025 1:22 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി രവാഡ എ. ചന്ദ്രശേഖർ ഇന്നലെ ചുമതലയേറ്റു. ഡൽഹിയിൽനിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ വഴുതക്കാട് പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എച്ച്. വെങ്കിടേഷിൽനിന്ന് അധികാര ദണ്ഡ് സ്വീകരിച്ചു. തുടർന്നു പോലീസ് ആസ്ഥാനത്ത വീർഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു സല്യൂട്ട് നൽകിയശേഷം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. എഡിജിപിമാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ പുതിയ പോലീസ് മേധാവിയെ സ്വീകരിച്ചു.
സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നാണെന്ന് രവാഡ ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തു ഗുണ്ടകളെ അടിച്ചമർത്തി സമാധാനമുണ്ടാക്കും. സൈബർ ക്രൈമിനെ നേരിടും. പൊതു ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അടിമുടി മാറ്റും. സംസ്ഥാനത്തു ജനങ്ങൾക്കു നീതിയുറപ്പാക്കാൻ എല്ലാം ചെയ്യുമെന്നും രവാഡ ചന്ദ്രശേഖർ പറഞ്ഞു.
ആദ്യ ഔദ്യോഗികയാത്ര കണ്ണൂരിലേക്ക്
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യത്തെ ഔദ്യോഗിക പരിപാടിക്കു തിടുക്കത്തിൽ പോയതു കണ്ണൂരിലേക്ക്. രവാഡയെ പോലീസ് മേധാവിയായി തീരുമാനിച്ച സർക്കാർ തീരുമാനത്തിനെതിരേ കണ്ണൂരിലെ സിപിഎമ്മിലെ പി. ജയരാജനടക്കമുള്ള പ്രമുഖ നേതാക്കൾ പരോക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന അവലോകനയോഗത്തിൽ പങ്കെടുക്കാനാണു ചുമതലയേറ്റ ശേഷം രവാഡ അതിവേഗം ഇന്നലെ കണ്ണൂരിലെത്തിയത്.
കൂത്തുപറന്പ് വെടിവയ്പിലെ പേരുദോഷം ഉയർത്തിയാണു കണ്ണൂരിലെ സിപിഎം നേതാക്കൾ രവാഡയെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള സർക്കാർ തീരുമാനത്തെ പരോക്ഷമായി ചോദ്യംചെയ്യുന്നത്.
വെടിവയ്പു കേസിൽ രവാഡയെ കോടതി കുറ്റവിമുക്തമാക്കിയെന്നും സർക്കാർ കൈക്കൊണ്ട തീരുമാനത്തെ എതിർക്കാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വ്യക്തമാക്കി. ഇതു മുഖ്യമന്ത്രിക്കൊപ്പമാണു പാർട്ടിയുമെന്ന സൂചനയാണു നൽകുന്നത്.
പോലീസ് ആസ്ഥാനത്ത് സുരക്ഷാ വീഴ്ച
തിരുവനന്തപുരം : രവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റ ചടങ്ങിൽ സുരക്ഷാ വീഴ്ച. ഇന്നലെ ചുമതലയേറ്റ ശേഷം പോലീസ് ആസ്ഥാനത്ത് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിനിടെ ഡിജിപിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ഒരാൾ പ്രവേശിച്ചു. ഇയാൾ ഡിജിപിയുടെ അരികിലെത്തി തന്റെ പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പറഞ്ഞായിരുന്നു രവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പെൻഷൻ കാർഡ് ഉപയോഗിച്ചാണ് ഇദ്ദേഹം അകത്തു പ്രവേശിച്ചത്. പിന്നീടു മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞു കോണ്ഫറൻസ് ഹാളിലും പ്രവേശിച്ചു.
സിറ്റി പോലീസ് കമ്മീഷണറുടെ അടുത്തെത്തി കൈയിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്തു. ഇതോടെ അവിടെ പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പിടിച്ചുമാറ്റി ഹാളിനു പുറത്തേക്കു കൊണ്ടുപോയി.
സർക്കാരിനു നന്ദി പറഞ്ഞു ഡിജിപി
തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയതിനു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി പറഞ്ഞു പുതിയ ഡിജിപി രവാഡ ചന്ദ്രശേഖർ. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കും. ഗുണ്ടകളെ നേരിടുന്ന പ്രവർത്തനങ്ങൾ തുടരും. മതസൗഹാർദം കാത്തുസൂക്ഷിക്കാൻ നടപടിയുണ്ടാകും. സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്കു നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും രവാഡ പറഞ്ഞു.