ലഹരിമരുന്ന്, ക്രിപ്റ്റോകറന്‍സി ഇടപാട്; വൻമാഫിയ സംഘത്തെ വലയിലാക്കി എന്‍സിബി
Wednesday, July 2, 2025 1:00 AM IST
കൊച്ചി: ഡാര്‍ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന്, ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തിയിരുന്ന രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് മാഫിയ സംഘത്തെ വലയിലാക്കി നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി).
127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന് ക്രിപ്റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ലഹരിമരുന്ന് മാഫിയ സംഘാംഗമായ മൂവാറ്റുപുഴ സ്വദേശി എഡിസനെയും ഇയാളുടെ സഹായിയെയും എന്‍സിബി പിടികൂടിയതായാണ് സൂചന. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 35.12 ലക്ഷം രൂപ വിലയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
‘ഓപ്പറേഷന് മെലന്’ എന്ന പേരില്‍ എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്പന ശൃംഖലയായ ‘കെറ്റാമെലന്‍’ തകര്‍ത്തെന്നും എന്‍സിബി അറിയിച്ചു. 1ഡാര്‍ക്നെറ്റ് വഴിയാണ് ലഹരിമരുന്ന് മാഫിയ സംഘം ലഹരിമരുന്ന് വില്പന നടത്തിയിരുന്നതെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്മെന്റുകളാണ് ഡാര്‍ക്നെറ്റ് വഴി ‘കെറ്റാമെലന്‍’ സംഘം വില്പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി.