സർക്കാർ ആശുപത്രികൾ വെന്റിലേറ്ററിൽ: കെ.സി. വേണുഗോപാൽ
Wednesday, July 2, 2025 1:00 AM IST
പരിയാരം (കണ്ണൂർ) : ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കേണ്ട സർക്കാർ ആശുപത്രികൾ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സർക്കാർ ആശുപത്രികളോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിലെ പ്രശ്നത്തിന് കാരണം സിസ്റ്റത്തിന്റെ തകരാറാണെന്ന് പറയുന്ന മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ അവയവങ്ങൾപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. എല്ലാ കാര്യത്തിലും കേരളം നന്പർ വൺ എന്ന് ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി കുത്തഴിഞ്ഞതും ആളെ കൊല്ലികളുമായ സർക്കാർ ആശുപത്രികളാണോ നന്പർ വൺ എന്നു വ്യക്തമാക്കണം.
വസ്തുനിഷ്ഠാപരമായ അന്വേഷണത്തിലൂടെ ആരോഗ്യ മേഖലയിലെ കാര്യങ്ങൾ പുറത്തുകൊണ്ടു വരുന്ന മാധ്യമങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണ്. വരാനിരിക്കുന്ന വലിയ സമരത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. എട്ടു മാസത്തിന് ശേഷം ഇതെല്ലാം നേരെയാക്കാൻ കഴിവുള്ളവർ വരുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പിണറായി സർക്കാർ നടത്തിയ രണ്ടാം ഡീലാണ് രവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനമെന്നും അദ്ദേഹം വിമർശിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ് ബ്ലാത്തൂർ, ഡോ.കെ.വി. ഫിലോമിന എന്നിവർ പ്രസംഗിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുത്തു.