ഒന്നാം റാങ്ക് അപ്രതീക്ഷിതം: ജോണ്‍ ഷിനോജ്
Wednesday, July 2, 2025 1:00 AM IST
വാഴക്കുളം: ആദ്യ 20 റാങ്കിനുള്ളില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജോണ്‍ ഷിനോജ്.
കേരള എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ മികച്ച വിജയം നേടിയിരിക്കുകയാണ് കല്ലൂര്‍ക്കാട് വഴിയാഞ്ചിറ വട്ടക്കുഴിയില്‍ ജോണ്‍ ഷിനോജ്. സ്റ്റേറ്റ് സിലബസിലാണ് പഠിച്ചത്.
പത്താംക്ലാസിലും പ്ലസ്ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെയാണ് ജോണ്‍ വിജയിച്ചത്. പ്ലസ്ടുവിന് ഇംഗ്ലീഷിന് മാത്രം രണ്ടു മാര്‍ക്ക് കുറഞ്ഞു. മറ്റു വിഷയങ്ങള്‍ക്കെല്ലാം മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു.
ചിട്ടയായ പഠനവും പരിശീലനവുമാണ് തന്റെ റാങ്ക് നേട്ടത്തിന് പിന്നിലെന്ന് ജോണ്‍ ഷിനോജ് പറഞ്ഞു. ഗുജറാത്ത് ഗാന്ധിനഗര്‍ ഐഐടിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഐഇടിയില്‍ പഠിക്കാനാണ് താത്പര്യമെന്നും ജോണ്‍ പറയുന്നു.
മാന്നാനം കെഇ സ്കൂളിലാണ് ജോണ്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.അഞ്ചാം ക്ലാസ് വരെ ബെത്ലഹേം ഇന്റര്‍നാഷണല്‍ സ്കൂളിലും തുടര്‍ന്ന് വാഴക്കുളം ചാവറ ഇന്റര്‍നാഷണല്‍ അക്കാദമിയിലുമായിരുന്നു പഠനം.
എറണാകുളത്ത് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ഷിനോജ് ജെ. വട്ടക്കുഴിയുടെയും വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപിക അനിറ്റ തോമസിന്റെയും മൂത്ത മകനാണ് ജോണ്‍.
വാഴക്കുളം ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ടോം ഷിനോജ്, ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി എമിലിയ മറിയം ഷിനോജ് എന്നിവരാണ് സഹോദരങ്ങള്‍.