നേതൃമാറ്റ ചർച്ച നടന്നിട്ടില്ല: ഡി.കെ. ശിവകുമാർ
Wednesday, July 2, 2025 1:20 AM IST
ബംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നേതൃമാറ്റ വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് പാർട്ടി നേതാക്കളോടും എംഎൽഎമാരോടും പിസിസി അധ്യക്ഷൻകൂടിയായ ശിവകുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരങ്ങൾക്കും സർക്കാരിനും ശക്തിപകരുകയാണു വേണ്ടതെന്ന് ശിവകുമാർ പറഞ്ഞു.
ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് പ്രസ്താവനയിറക്കിയ രാമനഗര എംഎൽഎ എച്ച്.എ. ഇക്ബാൽ ഹുസൈന് പിസിസി അധ്യക്ഷൻ കാരണംകാണിക്കൽ നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കകം മറുപടി നല്കാനാണ് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് എംഎൽഎമാരായ ഹുസൈനും എച്ച്.സി. ബാലകൃഷ്ണയും അവകാശപ്പെട്ടിരുന്നു. നൂറിലധികം എംഎൽഎമാർ നേതൃമാറ്റം പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്നലെ ഹുസൈൻ പറഞ്ഞത്. ഹുസൈനും ബാലകൃഷ്ണയും ശിവകുമാറിന്റെ ഉറ്റ അനുയായികളാണ്.
""പാർട്ടിയിൽ അച്ചടക്കം വേണം. അതു പ്രധാനമാണ്. നേതൃമാറ്റം ഉണ്ടാകുന്ന പ്രശ്നമില്ല. അക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം 2028 (അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം) സുപ്രധാനമാണ്’’, -ശിവകുമാർ പറഞ്ഞു.