അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
Tuesday, July 1, 2025 1:11 AM IST
ന്യൂയോർക്ക്: വനമേഖലയ്ക്കു തീയിട്ടശേഷം അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു.
അമേരിക്കയിൽ ഐഡഹോ സംസ്ഥാനത്തെ കാൻഫീൽഡ് മൗണ്ടനിലായിരുന്നു സംഭവം. രണ്ട് അഗ്നിശമന സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. മറ്റൊരാൾക്കു ഗുരുതരമായി പരിക്കേറ്റു. അക്രമിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
ആസൂത്രിതമായ ആക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ കൊല്ലപ്പെട്ടതിനു പിന്നാലെ മുന്നൂറു പോലീസുകാർ സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട വെടിവയ്പിനുശേഷം അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം വെടിവച്ചതാണോ, പോലീസുകാരുടെ വെടിയേറ്റതാണോ എന്നതിൽ വ്യക്തതയില്ല.
അക്രമിയുടെയും കൊല്ലപ്പെട്ട അഗ്നിശമന സേനാംഗങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ പരസ്പരം അറിയുന്നവരാണോ എന്നതിലും വ്യക്തതയില്ല.