ഗാസയിൽ സ്ഫോടനം; ഏഴ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
Thursday, June 26, 2025 12:15 AM IST
ജറൂസലെം: ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കവചിത വാഹനത്തിൽ സ്ഫോടനമുണ്ടാകുകയായിരുന്നു.
605-ാം കോംബാറ്റ് എൻജിനിയറിംഗ് ബറ്റാലിയനിലെ സൈനികരാണു കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. 2023 ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചശേഷം 860 ഇസ്രേലി സൈനികരാണു കൊല്ലപ്പെട്ടത്. ഇവരിൽ 400 പേർക്കു ജീവൻ നഷ്ടമായത് ഗാസയിലാണ്.
ഖാൻ യൂനിസിൽ പാർപ്പിടസമുച്ചയത്തിൽനിന്ന് ഇസ്രേലി സൈനികരെ ആക്രമിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡ്സ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു സൈനികനു പരിക്കേറ്റു.