പട്ടാളനിയമത്തിനു ഭേദഗതിയുമായി ദക്ഷിണകൊറിയ
Friday, July 4, 2025 2:39 AM IST
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ദക്ഷിണകൊറിയൻ പാർലമെന്റ് ഭേദഗതി ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ മുൻ പ്രസിഡന്റ് യൂൺ സുക് യോൾ പട്ടാളനിയമം പ്രഖ്യാപിക്കാൻ നടത്തിയ നീക്കം രാജ്യത്ത് അരാജകത്വത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ഭേദഗതി പ്രകാരം എംപിമാർ പാർലമെന്റിൽ പ്രവേശിക്കുന്നതിനെ ആർക്കും തടയാനാവില്ല. പട്ടാളത്തിനും പോലീസിനും സ്പീക്കറുടെ അനുമതിയില്ലാതെ പാർലമെന്റ് വളപ്പിൽ കടക്കാനാവില്ല.
ഡിസംബർ ആദ്യം യൂൺ സുക് യോൾ പട്ടാളനിയമം പ്രഖ്യാപിച്ചതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റ് വളഞ്ഞിരുന്നു. മതിലുചാടി പാർലമെന്റിൽ പ്രവേശിച്ച എംപിമാർ വോട്ടെടുപ്പിലൂടെ പട്ടാളനിയമം അസാധുവാക്കി. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പിന്നാലെ പ്രസിഡന്റ് യൂണിനെ ഇംപീച്ച് ചെയ്യുകയുമുണ്ടായി.