ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടും
Friday, July 4, 2025 2:00 AM IST
സനു സിറിയക്
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽനിന്നു കണക്കിൽപ്പെടാത്ത കെട്ടുകണക്കിനു കറൻസി കണ്ടെത്തി എന്ന കേസിൽ ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടുമെന്ന് കേന്ദ്ര സർക്കാർ.
ജസ്റ്റീസിനെ നീക്കം ചെയ്യുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയ പ്രതിപക്ഷ പാർട്ടികളുമായി സംസാരിച്ചതായും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസംവിധാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സമവായം ഉണ്ടാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായും റിജിജു പറഞ്ഞു.
ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യസഭയിലാണ് അവതരിപ്പിക്കേണ്ടതെങ്കിൽ 50 എംപിമാരുടെ ഒപ്പും ലോക്സഭയിൽ ആണെങ്കിൽ 100 എംപിമാരുടെ ഒപ്പും ശേഖരിക്കേണ്ടതുണ്ട്. സാഹചര്യമനുസരിച്ച് ഏതു സഭയിലാണ് പ്രമേയം അവതരിപ്പിക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് നൽകിയ സഭയുടെ അധ്യക്ഷൻ തുടർനടപടികൾ സ്വീകരിക്കും.
സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കാൻ കഴിയില്ലെന്ന് റിജിജു വ്യക്തമാക്കി. 1968 ലെ ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരം ഒരു സിറ്റിംഗ് ജഡ്ജിയെ നീക്കം ചെയ്യണമെങ്കിൽ പാർലമെന്റിലെ ഏതെങ്കിലും ഒരു സഭയിൽ ഇതിനുള്ള പ്രമേയം അംഗീകരിക്കണം. ഇതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്ലെങ്കിൽ സുപ്രീംകോടതിയിലെ ഒരു ജഡ്ജി, രാജ്യത്തെ ഏതെങ്കിലും ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ്, ഒരു നിയമവിദഗ്ധൻ തുടങ്ങിയവരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങൾ.
കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ച ആരംഭിക്കുകയും ചെയ്യും. സാധാരണയായി പാർലമെന്റ് നിയോഗിച്ച സമിതി മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മതി. എന്നാൽ ജസ്റ്റീസ് യാദവിന്റെ കാര്യത്തിൽ ഈ കാലാവധി ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യം സർക്കാർ പരിശോധിച്ചുവരികയാണ്.